Thursday, April 24, 2014

നന്ദി കരുണാകരൻ മാഷെ... നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....

നന്ദി കരുണാകരൻ മാഷെ...
നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....
നന്ദി

ഏപ്രിൽ 10 നു ഞാനും വോട്ട് ചെയ്തു. പൗരൻ അല്ലെ?ഹ ഹ ഹ ഹ ... കൊട്ടിയൂർ പഞ്ചായത്തിലെ നായര് സർവീസ് സൊസൈറ്റി കരയോഗം അപ്പർ പ്രൈമറി സ്കൂളിലെ 127 ആം നമ്പർ ബൂത്തിൽ ആയിരുന്നു വോട്ട് .. ഞാൻ അഞ്ചു മുതൽ ഏഴു വരെ പഠിച്ചത് ഈ സ്കൂളിൽ ആണ്. ഒന്ന് മുതൽ നാലുവരെ ശ്രീ നാരായണ ധർമ പരിപാലന പ്രൈമറി സ്കൂളിൽ ആണ് പഠിച്ചത്. 8 മുതൽ 10 വരെ കൊട്ടിയൂർ സെന്റ്‌ സെബാസ്റ്യൻ  പള്ളി വക ഇമ്മീഗ്രേശൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂളിലും. ഇപ്പോൾ അത് ഹയർ സെക്കണ്ടറി സ്കൂൾ ആയി.ഞാൻ എന്റെ ആറാം ക്ലാസ് പഠിച്ച റൂം ആയിരുന്നു പോളിംഗ് സ്റ്റെഷൻ .. ഹ ഹ ഹ ക്യൂവിൽ നിന്ന അര മണിക്കൂർ സമയം ഞാൻ ഒരു ആറാം ക്ലാസുകാരൻ ആയി ആ സ്കൂളിൽ ആകെ ഓടിക്കളിച്ചു നടന്നു.. ഞാൻ നായരെയും നസ്രാണിയും ഈഴവനെയും വിമർശിക്കുന്നു എങ്കിൽ അത് ആ മൂന്നു സ്കൂളിൽ പഠിച്ചതിന്റെ ഗുണം ആണ്.. എന്താ എനിക്കതിനു യോഗ്യത ഇല്ലെന്നു പറയാൻ ആകുമോ? ഈ നായര് സർവീസ് സൊസൈറ്റി കരയോഗം അപ്പർ പ്രൈമറി സ്കൂളിലെ അന്നത്തെ പ്രധാന അദ്ധ്യാപകൻ ആയിരുന്ന കരുണാകരൻ മാസ്റ്റെർ ചൂരൽ വടികൊണ്ട് തല്ലിയതിന്റെ പാടുകൾ ഇപ്പോഴും എന്റെ തുടയിലും കൈകളിലും കണ്ടേക്കാം എങ്കിലും അദ്ദേഹം പറഞ്ഞു തന്ന പാഠങ്ങൾ എന്റെ മനസ്സിൽ അതിനേക്കാൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ക്ലാസ് ടീച്ചര് ആയ മീശവാസു എന്ന് ഇരട്ടപ്പേരിട്ടു ഞങ്ങൾ രഹസ്യമായി വിളിച്ചിരുന്ന വാസു ദേവൻ മാഷ്‌  തന്ന തല്ലിന്  നോ ഹാൻഡ് സ് ആൻഡ്‌ മാതമാറ്റിക്സ് ( കയ്യും കണക്കും ) ഇല്ലെങ്കിലും പഠിപ്പിച്ച പാഠങ്ങൾ മറക്കില്ല ഒരിക്കലും. ജാതിപ്പേര് വിളിച്ചാണ് അന്ന് കരുണാകരൻ മാഷ്‌ കുട്ടികളോട് ചോദ്യം ചോതിചിരുന്നത്. ഇന്നാണെങ്കിൽ അങ്ങനെ വിളിച്ചാൽ പോലീസ് കേസും വിപ്ലവവും ഉണ്ടാകുമായിരുന്നു എങ്കിൽ അന്ന് അതൊരു ചിന്തക്കുള്ള വിഷയമായി പോലും വരാതെ തമാശ ആയി കണക്കാക്കിയിരുന്നു. ശരിക്കും സംസ്കാരം എന്ന സാധനം വർഗീയതയുടെ വേലിക്കെട്ടു ഇല്ലാതെ നില നിന്നിരുന്നത് അന്നൊക്കെ ആയിരുന്നു... നഷ്ടമായല്ലോ ആ കാലമെല്ലാം..
ഓട്ടേ മോട്ടേ അന്ജർ പഞ്ചർ ചൌടി സീട്ട് ലഗായി ... എന്ന ഹിന്ദി കവിത പഠിപ്പിച്ച രാഘവൻ മാഷും കണക്കു പഠിപ്പിച്ച ശിവദാസൻ മാഷും ഇന്ഗ്ലീഷ് പഠിപ്പിച്ച ദേവകി ടീച്ചറും സുഗതൻ മാഷും ശ്യാമള ടീച്ചറും ഉർദു പഠിപ്പിച്ച വിജയന്മാഷും ഒക്കെ അവിടങ്ങനെ നിറഞ്ഞു  നിന്ന്.
മണിയൊച്ച കേൾപ്പിച്ചു തല്ലു കൊള്ളാൻ ക്ലാസിലേക്ക് കയറ്റി വിടുകയും അതെ ബെല്ലടിച്ചു വീട്ടിലേക്കു ഓടാൻ ഇറക്കി വിടുകയും ചെയ്തിരുന്ന പ്യൂണ്‍ വാസുവേട്ടൻ എവിടാണാവോ ....നഷ്ടം ...എല്ലാം..
വോട്ട് ചെയ്യാൻ പോയ വകയിൽ ഇത്രയും ഓർമ്മകൾ കിട്ടിയത് തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മഹനീയ ഗുണം ആണ്. ഈ മനസിലേക്ക് മോഡിയുടെ ഹിന്ദുത്വമൊ രാഹുലിന്റെ വികസനമോ കാരാട്ടിന്റെ വിപ്ലവമോ വരില്ല. പകരം നിഷ്കളങ്കവും വർഗീയ വിഭാഗീയ ചിന്തകളൊന്നും ഇല്ലാത്ത കുട്ടികാലമെ വരൂ.. നന്മകളുടെ നല്ല കാലം മാത്രം..
മോഡിക്ക്  ആ കാലം തരാനാകില്ല...
സോണിയയ്ക്കും..
മറ്റാർക്കും...
നന്ദി കരുണാകരൻ മാഷെ...
നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....
നന്ദി
( ഈ ഫോട്ടോ മാധ്യമം ലേഖകൻ കെ എം അബ്ദുൽ അസീസ്‌ പകർത്തിയതാണ് . ഞാൻ ക്യൂ നിൽക്കുമ്പോൾ .. അതിലൊരു ചിത്രം ആണ് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചതും.. നന്ദി കെ എം അബ്ദുൽ അസീസ്‌)
എന്റെ ചിന്ത എന്റെ
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Thursday, April 17, 2014

ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം?

 ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം?

മറ്റുള്ളവരുടെ മുൻപിൽ എളിമ കാണിക്കണം എങ്കിൽ മനസ് ഒരുപാട് വലുതാകണം ... ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം? ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാൽ ഒരന്തവും ഇല്ല. ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ട്. സത്യത്തിൽ എളിമ ആരാണ് കാണിക്കേണ്ടത് എന്ന് യേശു ദേവൻ കാണിച്ചു തന്നിട്ടുണ്ട്. സ്വന്തം ശിഷ്യന്മാരുടെ കാലുകൾ കഴുകി തുടച്ചു ചുംബിച്ചാണ് ആ സത്യം യേശു ദേവൻ കാണിച്ചു കൊടുത്തത് .. എന്നിട്ടോ? ആരെങ്കിലും പഠിച്ചോ? ഇല്ല. 20 നൂറ്റാണ്ടു കത്തോലിക്കാ സഭ ചടങ്ങ് പോലെ പെസഹ വ്യാഴം ആചരിച്ചു പോന്നു. അന്നേ ദിവസം ആഘോഷത്തോടെ പാദം കഴുകൽ ശുശ്രൂഷ പള്ളികളിൽ നടത്തിയും പോന്നു... എന്നിട്ടോ? അതിനപ്പുറം ഒന്നും സംഭവിച്ചില്ല. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിനു പഴയ സന്ദേശം ശരിയായ വിധത്തിൽ കാണിച്ചു കൊടുക്കുന്നു.. ഈ പെസഹായ്ക്കു..ലോകത്ത് വെട്ടി പിടിക്കുന്നതല്ല ജീവിതം.. നഷ്ട്ടപ്പെടുത്തൽ ആണ് ശരിയായ ജീവിതം.. അതാണ്‌ ആനന്ദം .. വാശികൾ, വൈരാഗ്യങ്ങൾ , അസൂയ, അഹങ്കാരം, അധികാര പ്രമതത ധനാസക്തി , ശാരീരിക ആസക്തി അങ്ങനെ പലതും നഷ്ട്ടപ്പെടുത്തണം ... അതിനു സാധിച്ചാൽ വ്യക്തി ജീവിതം സന്തോഷകരമാകും .. കുടുംബ ജീവിതം സന്തോഷകരമാകും .. സമൂഹ ജീവിതം സന്തോഷകരമാകും ..ലോക ജീവിതം സന്തോഷകരമാകും ..... എങ്ങും സമാധാനം നില നില്ക്കും..
ശീലിക്കൂ ... എളിമ. ... ഉയർച്ച ഉണ്ടാകുന്നത് താഴ്മ ഉള്ളതുകൊണ്ടാണ്...
താഴ്മ ഇല്ലെങ്കിൽ ഉണ്ടെന്നു നടിക്കുന്ന ഉയർച്ചക്ക് എന്ത് വില?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

പെസഹാ വ്യാഴാഴ്ചയായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ മുസ്ലിം സമുദായാംഗവും വനിതയും.
സാധാരണ റോമിലെ ബിഷപ്പുമാരും മറ്റും സെമിനാരികളിലെ അംഗങ്ങളുടെ കാല്‍ കഴുകി മുത്തുകയാണ് ചെയ്യുക. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്ഥ വഴിയാണ്...