Friday, October 28, 2016

കഥ
മന്ദബുദ്ധികളുടെ സാമ്രാജ്യത്തിലെ അടയ്ക്ക.

മോഷണവും കൊള്ളയും പാപമാണെന്ന് തീവെട്ടിക്കൊള്ളക്കാർ പഠിപ്പിച്ചു. ഒരു അടയ്ക്ക പോലും തങ്ങളിലാരും മോഷ്ടിച്ചിട്ടില്ലെന്നും ഞങ്ങളിൽ മോഷ്ടാക്കളാരും ഉണ്ടാവില്ലെന്നും കൊള്ള സംഘത്തലവൻ ഇടക്കിടെ മലമുകളിൽ നിന്നും വിളിച്ചു പറയുകയും ചെയ്യുക പതിവായിരുന്നു. ഇടക്കിടെ തന്റെ സംഘത്തെയും കൂട്ടി കള്ളൻമാരെയും കൊള്ളക്കാരെയും പിടികൂടാനും തല്ലിയൊതുക്കാനും തീവെട്ടിക്കൊള്ള സംഘം ആയുധങ്ങളുമായി പുറപ്പെടുന്നതും പൊതുനിരത്തിലെ പാളയങ്ങൾ തല്ലിത്തകർക്കുന്നതും കാണാമായിരുന്നു.
ഇവർ തീവെട്ടി കൊള്ളക്കാരല്ല, വിശുദ്ധലിഖിതങ്ങളിൽ പറയുന്ന മാലാഖമാരുടെ ഗീതക സംഘമാണെന്നും ചില തെരുവ് വേശ്യകളും കുറേ കോമാളികളും കഞ്ചാവടിച്ച കവികളും ഇടക്കിടെ വിളിച്ചു കൂവുന്നതും കണ്ടിട്ടുണ്ട്. വേശ്യകളുടെ ചാരിത്ര്യ പ്രസംഗങ്ങൾ കേട്ടും കോമാളികളുടെ വളിച്ച കണ്ടും കഞ്ചാവ് കവിഞ്ഞർമാരുടെ മൂക്ക് പിഴിഞ്ഞ കവിത കേട്ടും നാട്ടുകാർ മലമുകളിലെ കൊള്ള സംഘത്തലവനെ പരിശുദ്ധനായി വാഴിച്ചു. പരിശുദ്ധനാക്കപ്പെട്ട തലവൻ 24 ശിഷ്യൻമാരെ തിരഞ്ഞെടുത്ത് 12 പേരേ വലതു വശത്തും 12 പേരേ ഇടതും വശത്തും നിർത്തി രാജ വീഥിയിലുടെ നെഞ്ച് വിരിച്ച് പ്രയാണം തുടങ്ങി. വേശ്യകൾ ഉടുതുണി പൊക്കി ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. കോമാളികൾ തലങ്ങും വിലങ്ങും ഓടി നടന്ന് വളിപ്പുകൾ കാട്ടിക്കൊണ്ടിരുന്നു. കഞ്ചാവ് കവികൾ പല്ലിളിക്കുകയും വായ നാറ്റുന്ന നിശ്വാസങ്ങൾ തുരുതുരാ ചുറ്റുമുള്ളവരുടെ മൂക്കിലേക്ക് ഊതി വിടുകയും ഇടക്കിടെ കീഴ്ശ്വാസം വിട്ട് ചുറ്റുമുള്ളവരെ നാറ്റിച്ച് രസിക്കുകയും ചെയ്തിരുന്നു.
തീവെട്ടിക്കൊള്ളസംഘത്തലവൻ ഇടക്കിടെ കൈ പൊക്കി ആകാശവായുവിൽ മാവ് കുഴയ്ക്കും പോലെ ഗോഷ്ഠി കാണിക്കുകയും കരം ശൂന്യമാണ് കരം ശൂന്യമാണ്  എന്ന് കിറി കോട്ടി മുരളുകയും ചെയ്ത് പോന്നു. കൊള്ള സ്ഥലം ആൽമരചുവട്ടിൽ എത്തിയപ്പോൾ പടവിൽ കയറിയ തലവൻ മുട്ടു വരെ മുണ്ട് പൊക്കി ഉയർന്ന് പൊങ്ങി ചാടി ആലിന്റെ ചില്ലയിലിരുന്നു. വായുവിലെ ഗോഷ്ഠി തുടർന്നു . വേശ്യകൾ മാറിടവും കുലുക്കി അർമാദിച്ചു. കോമാളികൾ പൂഴിയിൽ കിടന്ന് പിരണ്ട് പുളച്ചു. കഞ്ചാ കവികൾ ഉച്ചത്തിൽ വിപ്ലവ കീഴ്വായു വിക്ഷേപിച്ചു കൊണ്ടിരുന്നു.
അതിനിടെ 24 സേവകരിൽ ഒരുത്തന്റെ മടിശീലയിൽ നിന്ന് ഒരു തേങ്ങാ താഴെ വീണു. 
ഈ തേങ്ങാ എവിടെ നിന്ന് വന്നു?
മോഷ്ടിച്ചതാണ് എന്നൊരു പയ്യൻ വിളിച്ചു കൂവി.
മോഷ്ടിക്കുകയോ? അതും വിശുദ്ധ പദവി നേടിയ തീ വെട്ടി സംഘമോ ? ഛായ്...... കഞ്ചായികൾ വായനാറ്റം വലിച്ചു തള്ളി -
ആലിൻ കൊമ്പേറിയ തലവൻ പറഞ്ഞു, ഞങ്ങളിലാരും അടയ്ക്ക മോഷ്ടിക്കില്ലെന്ന് നിങ്ങൾക്കറിയില്ലേ?
കോമാളികൾ ഏറ്റ് പാടി അ റി യില്ലേ? അറിയില്ലേ? അറിയില്ലേ ?....
കഞ്ചായികൾ പറഞ്ഞു അറിയാം അറിയാം അറിയാം.
വേറൊരു പയ്യനപ്പോൾ പറഞ്ഞു, അതിനിത് അടയ്ക്കയല്ലല്ലോ!
വേശ്യകൾ പറഞ്ഞു ഇത് മുലയാണ്. 
തേങ്ങ !!! -  തേങ്ങയാണത്- മടിശീലയിൽ നിന്ന് വീണത് മുഴുത്ത ഒരു തേങ്ങയാണ്. മറ്റൊരു ശിശു വിളിച്ചു പറഞ്ഞു.
തേങ്ങയോ ? എന്തൂട്ടാത്? ഏട്ന്നു വന്നുത്? 24 കൊഞ്ഞാപ്പികളും ആലിൻ ചില്ലയിലെ തലവനും അങ്ങോട്ടുമിങ്ങോട്ടുമായി നോക്കി, ഒളികണ്ണിട്ടുനോക്കി, ഒടുവിൽ ഒന്നിച്ച് വാ പൊളിച്ച് "ഞ്ഞം " എന്ന ശബ്ദത്തോടെ വായടച്ചു. കണ്ണടച്ചു.
വേറൊരു പയ്യൻ വിളിച്ചു കൂവി - ഇത് മോഷണമാണ്!
വേശ്യകൾ മുലകളിലേക്കും കോമാളികൾ കോണാത്തിലേക്കും കവികൾ കൗപീന വാലിലേക്കും നോക്കി.
ശരിയാണല്ലോ. അടക്ക മോഷ്ടിക്കില്ലെന്ന് പറഞ്ഞിടത്ത് തേങ്ങയോ?
തലവൻ വീണ്ടും ഒരു ഞം കൂടി വച്ചിട്ട് മടിശീലയിൽ തേങ്ങ വച്ചവനോട് ജ്ജ് ജ്ജ്  എന്നൊരു ശബ്ദത്തിൽ എന്തോ ആംഗ്യം കാട്ടി.
മടിശീല അഴിഞ്ഞവൻ ആലിന്റെ പിറകിലേക്ക് മറഞ്ഞു.!
ആലിൻ കൊമ്പിലെ തലവൻ തുണി പൊക്കി അരയോളം വെച്ചു.
തുട കണ്ട വേശ്യകൾ മുല കുലുക്കി. കോമാളികൾ കോണകമഴിച്ച് തലയിൽ കെട്ടി. കഞ്ചായി കവികൾ കീഴ്വായു അതി ഗൗരവത്തിലും ശബ്ദത്തിലും വിക്ഷേപിച്ചു.
അവരൊന്നായി പാടി -
മധുരതരം, സുതാര്യം , സുന്ദരം,
ഈ തലവൻ തലവനല്ല പ്രതിഷ്ഠയാണ്.
ഒരു പയ്യൻ പക്ഷെ വിളിച്ചു പറഞ്ഞു, ആലിന് പിന്നിലെന്ത് എന്ന് നോക്കാം.
ആലിന് പിന്നിൽ തേങ്ങാ കൂമ്പാരം കണ്ട് വേശ്യകൾ പറഞ്ഞു - മുലകളുടെ രാജ്യം, മുന്തിയ തലവൻ! കോമാളികൾ കോമരം തുള്ളി ചിലച്ചു - സുന്ദരാധിപത്യം , മനോഹര വാഴ്ച്ച. കവികൾ വിളിച്ചു കൂവി - മധുര മനോഹര പ്രതിഷ്ഠ!   
തേങ്ങാ കൂട്ടം കണ്ടവർ ഞെട്ടി. പിന്നെ ചിരിച്ചു. അവരത് നിധിയായി മടിശീലക്കാരന് ചാർത്തി കൊടുത്തു. ഉഗ്രൻ , ഉഗ്രൻ , ഉഗ്രൻ എന്നാർത്ത് വിളിച്ച് പിന്നേം ചിരിച്ചു കൊണ്ടേ യിരുന്നു.
ആലിൻ കൊമ്പിലെ തലവൻ ശൂന്യതയിലെക്ക് കൈ ഉയർത്തി വായുവിനെ മാവ് കുഴക്കും പോലെ കുഴക്കുകയും മനസിൽ " കിഴങ്ങൻമാർ, ഞങ്ങൾ തീവെട്ടിക്കൊള്ളക്കാരാണെന്ന് യവൻമാർക്ക് ഇനിയും ഇനിയും മനസിലായിട്ടില്ല, ഭാഗ്യം" എന്ന് പിറുപിറുക്കുകയും ഇളിക്കുകയും ചെയ്തു കൊണ്ടിരുന്നു.

-- -  - മലയുടെ കീഴിൽ മന്ദബുദ്ധികളുടെ സാമ്രാജ്യമായിരുന്നു.- - 

കഥ
ജോയ് ജോസഫ്