Tuesday, March 31, 2015

എന്റെ വര്‍ഗീയത


"പരമാവധി മുപ്പതിനായിരം ദിവസങ്ങള്‍ മാത്രം ആയുസുള്ള മനുഷ്യനു ജീവിക്കാന്‍ ഇത്രയധികം പള്ളി മണികളുടെയും മന്ത്രോച്ചാരണങ്ങളുടെയും ബാങ്ക് വിളികളുടെയും ആവശ്യമില്ല. പരസ്യം കൊടുത്തു പല ലഘുക്കളും ഗുരുക്കന്മാരാകുന്ന കാലഘട്ടത്തില്‍ സൌകര്യത്തിന്റെ സുവിശേഷവും ഭഗവത് ഗീതയും ഖുറാനും അപകടകരമായി വളരുന്നു". -

ഫാ. ബോബി ജോസ് (cap ) - 
ഇനി താഴെ എന്റെ കാര്യം

പള്ളി വിഴുങ്ങികള്‍ പള്ളികള്‍ ഉണ്ടാക്കുകയും അമ്പലം വിഴുങ്ങികള്‍ അമ്പലം പണിയുകയും കഴുത്ത് വെട്ടി കൂട്ടുന്നവര്‍ മസ്ജിദ്‌ പണിയുകയും ചെയ്യുന്ന ലോകത്ത് മന്ത്രങ്ങളില്‍ മരണം മുഴങ്ങുന്നതും മണികളില്‍ ശവതാളം ഉണരു\ന്നതും ബാങ്ക് വിളികള്‍ കൊലവിളികളാകുന്നതും ചെയ്യുന്ന കാഴ്ച എന്റെ വര്‍ഗീയതക്ക് ഇണങ്ങുന്നില്ല. ആയിരം കൈകളും ഇരുപതു തലകളും അവയിലെല്ലാം ആയുധങ്ങളും പിടിച്ച ദൈവങ്ങളെകാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വിരിച്ചു പിടിച്ചു ആണികളാല്‍ അടിച്ചു തറക്കപ്പെട്ടതും ആകെയുള്ള തല ശരിയിലേക്ക്‌ ചരിച്ചു പിടിച്ചതുമായ ദൈവത്തെയാണ് . കാള കൂറ്റന്റെ പുറത്തേറി പായുന്ന ദൈവത്തെക്കാള്‍ ഭസ്മം പൂശി ആനതോലുടുത്ത് ശാന്തിയിലേക്ക് ധ്യാനത്തെ ആവാഹിക്കുന്ന ദൈവത്തെയാണ് ,. സാത്താനെ കല്ലെറിയാന്‍ മരുഭൂമിയില്‍ ആളെ കൂട്ടാതെ വെള്ളമുള്ള കിണറിനുള്ളില്‍ നിന്ന് സ്നേഹത്തെ ദാനമാക്കാന്‍ വിളിച്ചു പറഞ്ഞ ദൈവത്തെയാണ് ..
ഈ യോഗ്യതകളൊക്കെ ഉള്ള ദൈവത്തെ കിട്ടാന്‍ ഇത്രയധികം പള്ളി മണികളുടെയും മന്ത്രോച്ചാരണങ്ങളുടെയും ബാങ്ക് വിളികളുടെയും ആവശ്യമില്ല.
അതിനാല്‍ തന്നെ മൊത്ത കച്ചവടക്കാരായി ചമയുന്ന പരീശന്മാരോടും, കാഷായക്കാരോടും തലേക്കെട്ട്കാരോടും എനിക്ക് ഒരു പരിധിക്കപ്പുറം താല്പര്യമില്ല. അവരിലെ നല്ലവരെയൊക്കെ ഞാന്‍ എനിക്ക് വേണ്ട ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുന്നുണ്ട് .. എനിക്കത് മതി.
ഇത് എഴുതിയത് കൊണ്ട് ഞാന്‍ മതേതര വാദിയോ കമ്മ്യൂനിസ്റ്റൊ വിപ്ലവകാരിയോ നാസ്തികനൊ ആയെന്നു കരുതി ആരും പല്ലിളിക്കേണ്ട ... ദൈവ വിശ്വാസത്തില്‍ ഞാനൊരു മൂരാച്ചി മുതലാളിത്ത ബൂര്‍ഷ്വാസി തന്നെയാണ്.
കാരണം
ദൈവം സ്നേഹമാണ്..
സ്നേഹം മാത്രമാണ് .
ആ സ്നേഹം സത്യമാണ്..
ആ സത്യം മാത്രമാണ് സത്യം..
മറ്റെല്ലാം വെറുതെ...
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്‌
Joy josepH
kjoyjosephk@gmail.com
എന്റെ ബ്ലോഗിലും ഇത് വായിക്കാം

No comments:

Post a Comment