Friday, April 6, 2012

കീഴ്വഴങ്ങാത്ത നസ്രാണിയും യുക്തിബോധമില്ലാത്ത എന്റെ ദൈവവും!!


 
 
ഞാന്‍ ഒരു നസ്രാണി ആണ്. എല്ലാ ക്രിസ്ത്യാനികളും നസ്രാണികള്‍ ആണ് എന്ന് കരുതുന്ന കാലം മാറി. നസ്രാണി എന്നാല്‍ നസ്രസ്സില്‍ ജീവിച്ച യേശു ദേവന്റെ ജീവിത ശൈലി പിന്ചെല്ലുന്നവര്‍ ആണ് എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്!! നസ്രസ്സിലെ ജീവിതം മൂന്നു വര്‍ഷത്തെ പരസ്യ ജീവിതത്തെക്കാള്‍ ത്യാഗങ്ങള്‍ നിറഞ്ഞതായിരുന്നു. കീഴ്വഴ്ങ്ങുക എന്നതായിരുന്നു അതിന്റെ ഏറ്റവും വലിയ ത്യാഗം. യൌവനത്തില്‍ കീഴ്വഴ്ങ്ങിയവാന്‍ ആണ് ക്രിസ്തു ആയത് .പിതാവിന്, മാതാവിന്, സമൂഹത്തിന്, സാഹചര്യങ്ങള്‍ക്ക്, പ്രായത്തിനു,സംസ്കാരത്തിന്!! അങ്ങനെ മനുഷ്യന്‍ എന്ന നിലയില്‍ പലതിനും കീഴ്വഴങ്ങി !! ദൈവത്തിനും!!
ആധുനിക ലോകത്തില്‍ പതിനഞ്ചാം വയസ്സില്‍ സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുന്നു എല്ലാവരും. വ്യക്തി സ്വാതന്ത്ര്യം ആദ്യം, പിന്നീട് സാമൂഹ്യ സ്വാതന്ത്ര്യം!! അതിരുകള്‍ എവിടെ എന്ന് ഓരോരുത്തരും സ്വയം ന്യായീകരിച്ചു നിശ്ചയിക്കുന്ന സ്വാതന്ത്ര്യം!! അതിനു വേണ്ടിയാണ് യുദ്ധങ്ങള്‍ എല്ലാം...മനസ്സിലും വീട്ടിലും നാട്ടിലും യുദ്ധം. ലോകമാകെ പോരാട്ടങ്ങള്‍!! ആരോടാണ് ഈ യുദ്ധങ്ങള്‍? എന്തിനാണ് ഈ യുദ്ധങ്ങള്‍? മാനസിക പിരിമുറുക്കം കൊണ്ട് വ്യക്തിയും അത്തരം കുറച്ചു വ്യക്തികള്‍ ചേര്‍ന്ന കുടുംബങ്ങളും അത്തരം ഒരുപാട് വ്യക്തികള്‍ ചേര്‍ന്ന് സമൂഹവും ആരും ആര്‍ക്കും കീഴ്വഴങ്ങാന്‍ മടിക്കുന്ന യുദ്ധങ്ങളില്‍ ജീവിക്കുന്ന കാലം!!
ഇവിടെ എനിക്ക് ഇഷ്ടം എല്ലാത്തിനും കീഴ്വഴങ്ങിയ യേശു ദേവന്റെ മുപ്പതു വയസ്സുവരെയുള്ള ജീവിതതോടാണ്!! അതിനു ത്യാഗം വേണം, ക്ഷമ വേണം, മനോബലം വേണം, സംതൃപ്തി വേണം, സ്നേഹം വേണം, വിശ്വാസം വേണം, വിജയ ദാഹം വേണം!! എന്നാല്‍ ഇ ലോകത്ത് ഉള്ളത് വിജയ ദാഹം ആവശ്യത്തില്‍ അധികമുണ്ട്. കാരണം ജീവിത വിജയത്തിന് വേണ്ടിയാണ് ഓരോരുത്തരും പടയോട്ടങ്ങള്‍ നടത്തുന്നത്.
നോക്കൂ..
എവിടെയും പരസ്യങ്ങള്‍ ആണ്
ജീവിത വിജയം നേടാനുള്ള വഴികളുടെ പരസ്യങ്ങള്‍!!
എവിടെയും പരിശീലനങ്ങള്‍ നടക്കുന്നു.
ജീവിത വിജയം നേടാന്‍ ഉള്ള പരിശീലനങ്ങള്‍!!
ശില്‍പ്പ ശാലകള്‍ എന്നാണു ഈ പരിശീലന കളരികളെ വിളിക്കുന്നത്‌ !!
എന്ത് ശില്‍പ്പങ്ങള്‍ ആണ് നാം ഉണ്ടാകുന്നത് ഈ ശാലകളില്‍?
ജീവന്‍ ഉള്ള ജീവിത ശില്‍പ്പങ്ങള്‍ !!
ചിരിയും കണ്ണീരും കാമവും ആവേശവും ഒക്കെ പ്രതിഫലിപ്പിക്കുന്ന ജീവിത ശില്‍പ്പങ്ങള്‍!!
അതിനു പക്ഷെ കൊത്താന്‍ പറ്റിയ മരമോ കുഴയ്ക്കാന്‍ പറ്റിയ കളി മണ്ണോ മിനുക്കാന്‍ പറ്റിയ ഉരകടലാസ്സോ തേയ്ക്കാന്‍ പറ്റിയ നിറങ്ങളോ എവിടാണ്?
അതാണ്‌ ആയുസ്സ് !! മനുഷ്യ ജീവിതത്തിന്റെ മരത്തടിയും കളിമണ്ണും ഉരകടലാസ്സും ചായങ്ങളും ഒക്കെ ജീവിതകാലം ആണ്. അവിടെ ശില്‍പ്പം നിര്‍മ്മിക്കുന്ന പ്രായങ്ങള്‍ ആണ് വ്യക്തിതത്തെ ശില്പ്പമാക്കി ഉയര്‍ത്തുന്നത്. അതിന്റെ അവേശകാലം ആണ് കൌമാരവും യൌവനവും!! ആ കാലത്ത് കൊത്തി എടുക്കപ്പെട്ട ലോകത്തിലെ ഏറ്റവും മനോഹര ശില്‍പ്പം ആണ് യേശു ക്രിസ്തു!!
അതിനു ആ ശില്‍പ്പി സ്വയം ശില്‍പ്പമായി മാറാന്‍ വേണ്ടി ഉപയോഗിച്ച ഉളി ആണ് കീഴ്വഴക്കം!!
ഒരു വേള
എനിക്കിഷ്ടം പരാജയങ്ങള്‍ നേട്ടമായി ഉള്ളം കയ്യില്‍ വാങ്ങിയ യേശുവിനെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും ആരാധിക്കാനും ആണ് ഞാന്‍ കൊതിക്കുന്നത്!!
ആ നേട്ടങ്ങള്‍ ആരും വാങ്ങിക്കൊണ്ടു ഓടി പോകാതിരിക്കാന്‍ വേണ്ടി അല്ലെ അദ്ദേഹം കയ്യിലും കാലുകളിലും ആനികളാല്‍ തറച്ചു വെക്കുന്നതിനു കീഴ്വഴങ്ങിയ്ത് ?
വിയട്നാമിലെ ഗോ തിന്‍ തു രൂപതയുടെ ആര്‍ച് ബിഷപ്പായിരുന്ന ഗ്വയിന്‍ വാന്‍ തുവാന്‍ അവകാശപ്പെട്ട മേന്മകള്‍ ആണ് എനിക്ക് യേശു ദേവനെ പറ്റി ഇപ്പോള്‍ തോന്നുന്നത്.
ഒന്നാമതായി യേശുദേവന് മറവി കൂടുതല്‍ ആയിരുന്നു എന്നതാണ് എന്നെ അദ്ധേഹത്തിന്റെ ആരാധകന്‍ ആക്കി നില നിരത്തുന്നത്!!കാരണം ദൈവ പുത്രന്‍ ആയ യേശു ദേവന്‍ നല്ല ഓര്‍മ്മ ഉള്ളവന്‍ ആണെങ്കില്‍ ഞാനും മറ്റുള്ളവരും ഒക്കെ ചെയ്തു കൂട്ടിയ തെറ്റുകളുടെ പേരില്‍ എത്ര കടോരമായി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുമായിരുന്നു!!
രണ്ടാമതായി യേശു ദേവന് കണക്കു അറിയാന്‍ പാടില്ലായിരുന്നു എന്ന കാര്യം ഓര്‍ത്താണ് എനിക്കധേഹതോട് ബഹുമാനം കൂടുതല്‍.. കണക്കരിയാമായിരുന്നു എങ്കില്‍ എന്റെയും മറ്റുള്ളവരുടെയും പാപങ്ങളുടെ കണക്കു വെച്ച് നോക്കുമ്പോള്‍ ഈ ലോകം പണ്ടേ ചുടു ചാമ്പല്‍ ആക്കെണ്ടാതല്ലേ!!നമ്മുടെ ഒക്കെ ഭാഗ്യം .
മൂന്നാമതായി യുക്തിബോധം ഇല്ലാത്ത ക്രിസ്തു ദേവനെയാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്!! കാരണം യുക്തി ബോധം ഉള്ള ആള്‍ ആയിരുന്നു എങ്കില്‍ അദ്ദേഹം എന്നെ നമ്മളുമായി ഉള്ള ബന്ധങ്ങള്‍ വിസ്മരിച്ചു കുരിശു വാങ്ങാന്‍ നില്‍ക്കാതെ ഉപേക്ഷിച്ചു പോകുമായിരുന്നു!!
നാലാമതായി ഒരു മണ്ടന്‍ ആയ യേശു ദേവനെയാണ് ഞാന്‍ ആരാധിക്കുന്നത്!! കാരണം എന്തെല്ലാം തെറ്റുകള്‍ ചെയ്തിട്ടും ആവര്തിച്ചിട്ടും ചിരിച്ചുകൊണ്ട് നോക്കി നിന്ന് ക്ഷമിക്കുന്ന യേശു ദേവന്‍ ഒരു മറ മണ്ടന്‍ ആയ ദൈവമല്ലേ!!
അഞ്ചാമതായി തോറ്റു പോകുന്ന ദൈവമാണ് എന്റെ ദൈവം!! എല്ലാ അകൃത്യങ്ങളും ചെയ്തു കൂട്ടിയിട്ടും തുടര്‍ന്നിട്ടും മനുഷ്യനോടുള്ള അടങ്ങാത്ത സ്നേഹം കാരണം തോറ്റു കൊടുത്തു കാത്തിരിക്കുന്ന ഈ ദൈവതെയല്ലാതെ വേറെ ഇതു ദൈവത്തെ ഞാന്‍ സ്നേഹിക്കണം? വിശ്വസിക്കണം? ആരാധിക്കണം? പിന്ചെല്ലനം?
അതിനാല്‍ വിമര്‍ശകരെ..ആദ്യം നിങ്ങള്‍ നിങ്ങളുടെ പാതകള്‍ നേരെ ആക്കുക... അതിലൂടെ നല്ല പോലെ നടന്നു കാട്ടുക..എന്നിട്ട് മതി യേശു ദേവനെ വിചാരണ നടത്താനും വിമര്‍ശിക്കാനും ഇനിയും ക്യാപ്പിറ്റല്‍ പനീഷ്മെന്റ്റ് കൊടുക്കാനും!!
കാരണം എന്റെ ദൈവം തോറ്റു കീഴടങ്ങി കല്ലറയിലേക്ക് തള്ളപ്പെട്ട ശേഷം ഇരുട്ടിനെ പിളര്‍ന്നു , കൊടുങ്കാറ്റിനെ അതി ജീവിച്ചു, കാര്‍മേഘം നിറഞ്ഞ വാനില്‍ ഇടിവാള്‍ പോലെ ഉയര്‍ന്നു, നെടുകെ കീറപ്പെട്ട ദേവാലയ തിരശീലകള്‍ക്ക് മദ്ധ്യേ തേജസ്സോടെ നിന്ന് കൈകള്‍ വിരിച്ചു, പുഞ്ചിരിയോടെ എല്ലാവരെയും വാ വാ എന്ന് മാടി വിളിക്കുന്ന കീഴടങ്ങാത്ത ദൈവമാണ്!!സ്നേഹമാണ് അവന്റെ ആയുധം എന്നതിനാല്‍ ഹൃദയമാണ് അവന്റെ സിംഹാസനം !!! അവനെ തോല്‍പ്പിക്കാന്‍ ആവില്ല മരണത്തിനു പോലും!!
കാരണം 
സകലരുടെയും രക്ഷക്കായി  കാലത്തിന്റെ കണക്കുകള്‍ക്ക്‌ നടുവില്‍ അവന്‍ ഉയര്തപ്പെട്ടിരിക്കുന്നു!! 
 
            ജോയ് ജോസഫ് 
         JOY JOSEPH
kjoyjosephk@gmail.com
www.mylifejoy.blogspot.com
 


No comments:

Post a Comment