Thursday, January 8, 2015

അടുത്ത് നില്ക്കുന്ന ആള്‍ രാമചന്ദ്രന്‍ അല്ല!!! ഹിന്ദു ആണ്.

അടുത്ത് നില്ക്കുന്ന ആള്‍ രാമചന്ദ്രന്‍ അല്ല!!! ഹിന്ദു ആണ്.
ഞാനും രാമചന്ദ്രനും മൂന്നര പതിറ്റാണ്ടുകളായി സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ചു. ഒരേ പാത്രത്തില്‍ ഉണ്ടു , ഒരേ  പായില്‍ കിടന്നുറങ്ങി . ഒന്നിച്ചു സിനിമക്ക് പോയി. ഒന്നിച്ചു കള്ളുഷാപ്പില്‍ പോയി. ഒരേ കുപ്പിയില്‍ നിന്ന് ഊറ്റിയ കള്ള്  കുടിച്ച ഗ്ലാസ് മാറി പോയിട്ടും കഴുകാതെ വീണ്ടും വീണ്ടും ഊറ്റി ഊറ്റി  കുടിച്ചു.  വഴിയെ പോയ പെണ്ണുങ്ങളുടെ നിതംബത്തിന്റെയും മാറിടത്തിന്റെയും  മോറിന്റെയും ( മുഖം ) ആസ്വതിച്ചപ്പോഴും അവരാതം പറഞ്ഞു ചിരിച്ചപ്പോഴും ഞങ്ങള്‍ സൌഹൃതത്തിന്റെ ചിരിയും ചിന്തയും ആഴവും മര്‍മ്മവും നര്‍മ്മവും   പോലെ ആസ്വദിച്ചു . ഞങ്ങള്‍ പള്ളീലച്ചന്മാരുടെയും  പൂജാരി മാരുടെയും മുക്രിമാരുടെയും ഗുണവും ദോഷവും പരിഹാസവും ഒന്നിച്ചു പങ്കു വെച്ച് വിശകലനം ചെയ്തപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു . കൊണ്ഗ്രസുകാരെയും കംമ്യൂനിസ്ടുകാരെയും ബിജെപി കാരെയും വിമര്‍ ശിച്ചു  തര്‍ ക്കിച്ചപ്പോഴും  ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു .. ഞാന്‍ ഭരണ ങ്ങാനം പള്ളിയില്‍ പോയപ്പോള്‍ നേര്ച്ചയിടാന്‍  അവനെനിക്ക് പത്തു രൂപ തന്നു വിട്ടു. അവന്‍ ഓരോ തവണയും ശബരിമല കയറാന്‍  പോയപ്പോള്‍ മടിശീലയില്‍ കരുതിയ പണത്തില്‍  ഞാന്‍ കൊടുത്ത മുഷിഞ്ഞ നോട്ടുകളും ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഞാന്‍ കൊടുത്ത ഉണക്കലരി നേര്ച്ചയിലും അവന്‍ കൊണ്ടുവന്ന അരവണ പായസത്തിലും ഉള്ള കല്ല്‌  കടിച്ചു വേദനിച്ചപ്പോഴും അതിന്റെ പേരില്‍ പള്ളിക്കാരെയും ദേവസ്വം കാരെയും ഓര്‍ത്തു  വിമര്‍ശിച്ചപ്പോഴും  ആര് ആരെ പറ്റി കൂടുതല്‍ വിമര്‍ശിച്ചു എന്ന് ഞങ്ങള്‍  അളന്നു നോക്കുകയോ കണക്കു പറയുകയോ ചെയ്തില്ല.
ഒരു വര്‍ഷം  മുമ്പ്  ജോലിക്കായി ഞാന്‍ ദൂരെ ഒരിടത്തേക്ക് പോകുമ്പോള്‍ ബസ്‌ സ്റ്റോപ്പ്‌ വരെ എന്റെ ബാഗും പിടിച്ചു അവനും കൂടെ വന്നു. 
ആറു മാസം മുമ്പ് തിരഞ്ഞെടുപ്പ് വന്നപ്പോഴും അല്ലാത്തപ്പോഴും ഞങ്ങള്‍ എന്നും ഫോണില്‍ സംസാരിച്ചു കാര്യങ്ങള്‍ വിശകലനം ചെയ്തിരുന്നു ..
ഒരാഴ്ച മുമ്പ്  ഞാന്‍  തിരിച്ചു നാട്ടിലെത്തിയപ്പോള്‍ അവന്‍ ശബരി മലയ്ക്ക്  പോകാനുള്ള വ്രതത്തിലായിരുന്നു . കെട്ട്  നിറയുടെ അന്ന് പതിവ് പോലെ ഞാനും അമ്പലത്തിലെത്തി . പതിവുപോലെ പോലെ ഞാനവന്റെ മടിശീലയിലേക്ക് വെക്കാന്‍  പണം എടുത്തു നീട്ടിയപ്പോള്‍ അവന്‍  പതിവില്ലാത്ത  വിധം ചുറ്റും നോക്കുന്നത് ഞാന്‍  ശ്രദ്ധിച്ചു . പിന്നെ എന്റെ ശരീരത്തോട് വളരെ ചേര്‍ന്ന്  നിന്ന് കൊണ്ട്  ആരും കാണാതെ തിടുക്കത്തില്‍ ഞാന്‍ കൊടുത്ത പണം വാങ്ങി വേഗം ഉടുമുണ്ടിന് ഇടയിലേക്ക് തിരുകി വേഗം മടങ്ങി . ബസില്‍ കേറാനായി  കാത്തു നില്‍ക്കുമ്പോള്‍ ഞാനവനോട് പതിയെ ചോദിച്ചു ," എന്റെ കയ്യീന്ന് കാശ് വാങ്ങിയപ്പോള്‍ എന്താടാ പതിവില്ലാത്ത ഒരു വെപ്രാളം?"
എന്നോട് ചേര്‍ന്ന് ൾ നിന്ന് അവന്‍  ശബ്ദം താഴ്ത്തി പറഞ്ഞു, " ഹിന്ദുക്കള്‍ അല്ലാത്തവരുടെ പണം കാണിക്കയായി വാങ്ങി കൊണ്ട് പോയാല്‍ ഭഗവാനു ഇഷ്ട്ടപ്പെടില്ല എന്ന് ആരൊക്കെയോ എന്റെ അമ്മേം ഭാര്യയേയും ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തിരിക്കുവാണ് . അവരതു കണ്ടു മോശം ചിന്തിക്കേണ്ട എന്ന് കരുതിയാണ് ഞാനങ്ങനെ വെപ്രാളം കാട്ടീത്. ഹിന്ദുത്വത്തിന്റെ പാരമ്പര്യം അങ്ങനെ ആണത്രേ. .. ഞാന്‍ എന്ത് ചെയ്യാനാ? പെണ്ണുങ്ങള്‍ക്ക്  അതിലൊക്കെ വലിയ വിശ്വാസമാ. ജീവിക്കണ്ടേ ?"
ഞാനൊന്ന് പകച്ചു.
ഇവനിന്നലെ വരെ എന്റെ സുഹൃത്ത്‌ രാമച്ചന്ദ്രനായിരുന്നു .. എത്ര പെട്ടെന്നാ അവന്‍ ഹിന്ദു ആയത് !!!! ഞാനൊരു അഹിന്ദുവും !!!!
നാളെ മുനീറിനേം  ബശീരിനേം ഒന്ന് കാണണം .. രാമചന്ദ്രന്‍ ഹിന്ദു ആയതുപോലെ അവര് മുസ്ലീങ്ങളും ആയോ എന്നറിയണമല്ലോ.. തിരിച്ചു എന്നെ പറ്റി അവര്‍ക്കും  അഭിപ്രായ വ്യത്യാസം ഉണ്ടോ എന്നും അറിഞ്ഞാലല്ലേ ഇനിയിവിടെ ജീവിക്കാനാകൂ..
( കഥയും വാസ്തവവും ചേര്‍ ന്ന  രചന ആണിത്. ചര്‍ ച്ച ആകാം. പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ആകാതെ മനുഷ്യനാണ്  എന്ന് മാത്രം ചിന്തിച്ചുള്ള വിശകലനം  മതി.  ആദ്യം മനുഷ്യനാകുക. കഥാ പാത്രങ്ങളും സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ഒക്കെ മാറ്റി തരം പോലെ  ഓരോരുത്തര്‍ ക്കും ഉപയോഗിക്കാവുന്നതാണ് . കഥ  ആയാലും മനുഷ്യനാകുന്ന കാര്യം മാത്രം ഗുണ പാഠം ആക്കുക. അത് കഴിഞ്ഞു മനുഷ്യത്തം ഉള്ളവരാകുക. അതായിരിക്കട്ടെ മതവും രാഷ്ട്രീയവും ഒക്കെ )
എന്റെ ചിന്ത 
എന്റെ വചനം 
എന്റെ പ്രവര്‍ ത്തി 
ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment