Thursday, November 24, 2016





ആത്മഹത്യ -
വിഡ്ഡിയുടെ ധൈര്യവും
ബുദ്ധിമാന്റെ ഭീരുത്വവുമാണ്.

സ്വന്തം പിഴവുകളെ കുറിച്ച് ഓർത്തുള്ള നിരാശയും അതിൽ നിന്ന് രക്ഷപ്പെടാൻ വഴികണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ ആത്മഹത്യയെ തേടാൻ മനുഷ്യനെ പ്രേരിപ്പിക്കും. അതിജീവനത്തിന് പാകമായ ഉത്തരങ്ങൾ കണ്ടെത്തുവാനും സ്വന്തം മനസിനെ അത് ബോധ്യപ്പെടുത്തുവാനും സാധിക്കാതെ വരുന്നതാണ് ആത്മഹത്യക്കുള്ള പ്രധാന കാരണം. പ്രണയം, ധനനഷ്ടം, അപമാനം എന്നീ മൂന്ന് കാരണങ്ങളാലല്ലാതെ ഒരുവനും ആത്മഹത്യ ചെയ്യില്ല. ഈ മൂന്ന് കാരണങ്ങളിൽ പ്രണയത്തിന്റെയും ധനനഷ്ടത്തിന്റെയും കാര്യത്തിൽ 70 ശതമാനം ആത്മഹത്യ പ്രേരണ സ്വയമുണ്ടാകുന്നതും സ്വയം വരുത്തി വെക്കുന്നതുമാണ്. അപമാനത്തിന്റെ പേരിലെ ആത്മഹത്യയിൽ ഉത്തരവാദിത്വത്തിന്റെ 98 ശതമാനവും സമൂഹത്തിനുള്ളതാണ്. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നിയമ വാഴ്ചക്കപ്പുറം സമൂഹം കടന്നുകയറുന്നതാണ് അപമാനം ആകുന്നത്. വ്യക്തിപരമായ ആ പരാജയങ്ങളുടെ കാരണം ആദ്യം പറഞ്ഞ പ്രണയമോ ധനനഷ്ടമോ ആകാനും വഴിയുണ്ട്.
സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുകയും ഇടപെടുകയും ചെയ്യുന്നവർ കുറ്റവാളികളാണ്. അതുകൊണ്ടാണ് ആത്മഹത്യാ പ്രേരണ നല്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം എല്ലാ രാജ്യങ്ങളിലും നില നിൽക്കുന്നത്. മറ്റുള്ളവരുടെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും പൊതു നിരത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്ന ശീലം നമ്മൾ മലയാളികൾക്കും ഭാരതീയർക്കും വളരെ കൂടുതലാണ്. ഇംഗ്ലീഷുകാർ ഇത്തരം ഒളിഞ്ഞുനോട്ടക്കാരെ പീപ്പിങ്ങ് ടോം എന്ന പരിഹാസപ്പേരിട്ടാണ് വിളിക്കുക. പീ എന്നാൽ മൂത്രമൊഴിക്കുക എന്നും അർത്ഥം വരുമെന്നിരിക്കെ ഒളിഞ്ഞു നോട്ടക്കാരനെ എത്ര തരം താണവനായാണ് പാശ്ചാത്യർ കണക്കാക്കുന്നതെന്നും ഊഹിക്കാമല്ലോ? പൊതു സമൂഹത്തിന് ചർച്ച ചെയ്യപ്പെടേണ്ടതല്ലാത്ത ഒരു വ്യക്തി വിഷയത്തിലും മറ്റൊരാൾക്ക് കൈ കടത്താൻ സ്വാതന്ത്ര്യമില്ല. ഓരോരുത്തനും അവനവന്റേതായ രഹസ്യങ്ങളുണ്ട്. അത് സ്വയമായി നേരിട്ട് പ്രഖ്യാപിക്കും വരെ മറ്റൊരാൾക്ക് ചർച്ചാ വിഷയമാകാൻ പാടില്ലാത്തതാകുന്നു. അത്തരം രഹസ്യങ്ങളിൽ പോലും ശാരീരികമായി നടത്തുന്ന കൊലപാതകം, പീഢനം തുടങ്ങിയ പൊതു നിയമ ധാർമിക വിഷയങ്ങൾ മാത്രമാണ് സമൂഹത്തിന് കൈകാര്യം ചെയ്യേണ്ടതുള്ളു. അതും നിയമപരമായി ബന്ധപ്പെട്ട ഓഫീസ്കളിലും കോടതിയിലും മാത്രം. പൊതുനിരത്തിൽ അതിലെ വ്യക്തിത്വ ചർച്ചക്ക് അവകാശമില്ല. കൊലപാതകത്തെ കുറിച്ച് പറയാം. എന്നാൽ കാരണങ്ങൾ പൊതുചർച്ചക്ക് പൊതുനിരത്തിൽ വെക്കാൻ ആർക്കും അവകാശമില്ല.
മനുഷ്യരെന്ന നിലയിൽ വികാരവും വിചാരവും ഉള്ളവരാണ് എല്ലാവരും. സ്വന്തം വികാരവും വിചാരവും ശരിയാണെന്ന് ആർക്കും നിർബന്ധം സ്വയം പിടിക്കാം. എന്നാൽ മറ്റൊരാൾക്ക് മേൽ അടിച്ചേൽപിക്കാനോ മറ്റൊരാളെ വ്യക്തിത്വ വിഷയത്തിൽ നിയന്ത്രിക്കാനോ ആർക്കും അവകാശവും അധികാരവുമില്ല. കുട്ടികളുടെ മേൽ പോലും ഇത്തരം അവകാശവും അധികാരവും അടിച്ചേൽപ്പിക്കാൻ മാതാപിതാക്കൾക്ക് പോലും നിയമപരമായി നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ട്.
സമൂഹത്തെ നന്നാക്കാൻ വ്യക്തിയെ നന്നാക്കണമെന്ന വാദവുമായാണ് പൊതുനിരത്തിലെ ചർച്ചക്കാരും സദാചാര പൊലീസ് വേഷ|ധാരികളും കവലകൾ ഭരിയുന്നത്. വ്യക്തിപരമായ വിഷയങ്ങളുടെ പേരിൽ അപമാനിതരായി ആരെങ്കിലും ആത്മഹത്യ ചെയ്യേണ്ടിവരുന്നെങ്കിൽ തടിമിടുക്കിന്റെയും തിണ്ണമിടുക്കിന്റെയും പേരിൽ പൊതുനിരത്തിൽ സ്വകാര്യതകൾ ചർച്ചയാക്കുന്നവരെ കുറ്റവാളികളായി നിയമം കണക്കാക്കുന്നത് കൊണ്ടാണ് ആത്മഹത്യാ പ്രേരണ കടുത്ത കുറ്റകൃത്യമായി പല രാജ്യങ്ങളിലും കണക്കാക്കുന്നത്. പല വിഷയങ്ങളിലും ചിത്രങ്ങളും പേരും പോലും പരാമർശിക്കാൻ നിയമപരമായ തടസങ്ങൾ വരെയുണ്ട്.
വ്യക്തി മറ്റൊരു വ്യക്തിയുമായി ഇടപഴകുന്നതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. ആ ഇടപാടുകളിൽ അനുമതി ഇല്ലാതെ മൂന്നാമതൊരാൾക്ക് കടന്നു കയറാൻ അനുമതി ഇല്ല താനും. രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യക്തിപരമായ ഇടപാടുകൾ പൊതു ചർച്ചാ വിഷയമോ നിയമ വിഷയമോ അല്ല. അവിടെ ശാരീരിക പീഢനമോ കൊലപാതകമോ നടന്നാൽ അത് നിയമ വിഷയമാണ്. അവിടെ അനുവദിക്കപ്പെട്ട ഇടത്ത് അനുവദിക്കപ്പെട്ടവർ മാത്രമാണ് ആ ചർച്ച നടത്തേണ്ടതുള്ളെന്നുമാണ് നിയമ സാരം. (ഇത് പക്ഷെ പൊതു ഖജനാവിലെ ചിലവിൽ കഴിയുന്ന വർക്ക് ബാധകമല്ല. അവരെ പക്ഷെ പൊതു വിചാരണ ചെയ്യാനും ചില നിയമ വ്യവസ്ഥകളൊക്കെയുണ്ട്. ചുമ്മാ കേറി വിചാരണ അവിടെയും പാടില്ലാത്തതാണ്.)

അപമാനമോ അപമാന ഭീതിയോ ആണ് മരണത്തെ സ്വയം സ്വീകരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മറ്റുള്ളതെല്ലാം ഓരോ സാഹചര്യങ്ങളായി കണ്ടാൽ മതിയാകും. ആരെയും അപമാനിക്കാതിരിക്കുക. എന്തിന്റെ പേരിലായാലും. വിമർശനങ്ങൾ ആശയങ്ങളെ കുറിച്ചും ആദർശങ്ങളെ കുറിച്ചും മതി. വ്യക്തിയും വ്യക്തിത്വവും തീർത്തും ഓരോ വ്യക്തിയുടെയും വ്യക്തിപരമായ വിഷയം മാത്രമാണ് - പൊതുനിരത്തിൽ നിയമത്തിന്റെ മേഖലയിലേക്ക് ആ വ്യക്തി പ്രവേശിക്കുന്നത് വരെ. അത് വരെ മറ്റാർക്കും ഒരു വ്യക്തിയുടെയും സ്വന്തമായുള്ള സ്വകാര്യതകളെ അനാവരണം ചെയ്യാനോ അവിടേക്ക് അനുമതിയില്ലാതെ കയറി ചെല്ലാനോ ഒളിഞ്ഞു നോക്കാനോ അവകാശമില്ല. അധികാരവുമില്ല.
ഈ സ്വകാര്യതാ നിയമം ശരിയായി പാലിക്കപ്പെട്ടാൽ ആത്മഹത്യകൾ കുറയും.
സഹജീവിയെന്ന നിലയിൽ മറ്റൊരാളോട് കരുണ കാണിക്കുകയും ജീവൻ നിലനിർത്താൻ സഹായിക്കുകയും പ്രതിസന്ധികളിൽ ജീവിതത്തെ അനുമതികളോടെ താങ്ങി നിർത്തുകയും മാത്രമാണ് സമൂഹത്തിന് വ്യക്തിക്ക് ചെയ്യാവുന്ന സേവനവും ജാഗ്രതയും. അതാണ് സ്നേഹം, വ്യക്തി ബന്ധം, സാമൂഹ്യ ജീവിതം എന്നൊക്കെപ്പറയുന്നത്. മറ്റെല്ലാം അക്രമമാണ്. രണ്ട് ക്രമങ്ങൾ ഉണ്ടായാൽ അതിനെയാണ് അക്രമം എന്ന് വിളിക്കുകയെന്നർത്ഥം വരുന്ന ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ല് ഉണ്ട്. ആ അക്രമത്തിന്റെ ഫലമാണ് ആക്രമണം.
നാം മറ്റുള്ളവരെ ശാരീരികമായോ ആത്മീയമായോ മാനസികമായി ആക്രമിക്കുന്നവരാകരുത്. അപ്പോൾ തന്നെ ആത്മഹത്യകൾ കുറയും.
"മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് പോലെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക " എന്ന് യേശു ദേവന്റെ നിർദ്ദേശം സ്വകാര്യതകളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രസക്തി വ്യക്തമാക്കുന്നു.
"നിങ്ങൾക്ക് കൈ വീശി നടക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷെ അത് എന്റെ മൂക്കിൽ കൊള്ളരുതെന്ന " തത്വശാസ്ത്രത്തിന്നുള്ള കാലപ്പഴക്കവും വ്യക്തമാക്കുന്നത് സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രസക്തി തന്നെയാണ്.
മാനത്തിന്റെയും അഭിമാനത്തിന്റെയും വില ഓരോ വ്യക്തിക്കും സ്വയം നിർണയ സാധ്യതയുള്ളതാണ്. അതാണ് നിസാരരെന്ന് പൊതുസമൂഹം വിലയിരുത്തുന്ന പലരും ലോക ശ്രദ്ധയിലേക്ക് പെട്ടെന്ന് കടന്നു വരാനും ചില മരണങ്ങൾ പോലും പൊതു സമുഹത്തിൽ പ്രകമ്പനങ്ങൾ ഉണ്ടാക്കാൻ പോന്നവയുമാകുന്നത്. ( ഉദാ- ഒഡിഷയിലെ ദനാ മഞ്ചി ഭാര്യയുടെ മൃതദേഹം ചുമന്ന സംഭവം ലോക ചർച്ചാ വിഷയമായത്) -
ഓരോ വ്യക്തിയും വ്യക്തിത്വങ്ങളും ഒരോ സ്ഫോടക വസ്തുക്കളാണ്. അത് എപ്പോഴാണ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത അന്തരീക്ഷത്തിൽ പൊട്ടിത്തെറിക്കുക എന്ന് പറയുക വയ്യ. അത്തരമൊരു പൊട്ടിത്തെറിയാണ് ആത്മഹത്യകളും. അത് പുറമേ നിന്ന് നോക്കിയാൽ വിഡ്ഡികളുടെ വിജയവും ബുദ്ധിമാൻമാരുടെ പരാജയവുമാണ്. മറ്റൊരു തരത്തിലും പറയാം - വിഡ്ഡികളുടെ ദുരന്തവും ബുദ്ധിമാൻമുടെ രക്ഷയും എന്ന്.
പക്ഷെ അത് മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും നന്മയുടെയും ദൈവീകതയുടെയും പരാജയമാണെന്നതാണ് പരമമായ സത്യം, യാഥാർത്ഥ്യം.

ആത്മഹത്യ ചെയ്യരുത്!
അതിന്നുള്ള സാഹചര്യം സൃഷ്ടിക്കയുമരുത് !

( ആദർശത്തിന്റെ പേരിൽ മരണം സ്വീകരിച്ചവരുമുണ്ടെന്ന് മറന്നിട്ടില്ല)

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്
 —

No comments:

Post a Comment