Thursday, November 24, 2016




നിന്റെ തലച്ചോറല്ല എന്റെ ഹൃദയമിടിപ്പിന്റെ താളം നിശ്ചയിക്കേണ്ടത്.
എന്റെ തലച്ചോറല്ല നിന്റെ ജീവന്റെ കാലം തീരുമാനിക്കേണ്ടതും ! ! !

സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദം ഓരോ നിമിഷവും ചെവി വട്ടം പിടിച്ച് കേൾക്കുകയും ശരീരത്തിൽ അതിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ അനുഭവിക്കുകയും ചെയ്യുന്നവന് മാത്രമേ മനുഷ്യ ജീവന്റെ വിലയും മാഹാത്മ്യവും മനസിലാക്കാനാകൂ. ഇടത് വശത്തിരുന്ന് ടിക് ടിക് ടിക് എന്ന് മിടിക്കുന്ന ഹൃദയമാണ് തലച്ചോറിന്റെ വലത് വശത്തെ പ്രചോദിപ്പിച്ച് മനുഷ്യന് മനുഷ്യത്വത്തെപ്പറ്റിയുള്ള വികാര വിചാര ചിന്താ വചന പ്രവർത്തികൾക്ക് സമയവും സാഹചര്യവും ഒരുക്കുന്നത്. സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദവും താളവും ശ്രദ്ധിക്കുന്ന ഒരുവന് അടുത്ത് നിൽക്കുന്നവനെ തിരിച്ചറിയാന്നും അവന്റെ ഹൃദയസ്പന്ദനത്തിന്റെ സമാധാന സന്ദേശം മനസിലാക്കാനും സാധിക്കും. സ്വന്തം ഹൃദയമിടിപ്പ് കേൾക്കാൻ കഴിയാത്തവനൊക്കെ കൂടി അപരന്റെ തലച്ചോറിനെ ശരിയാക്കാൻ നടക്കുന്നതാണ് നമ്മുടെ നാടിന്റെ സാംസ്കാരികാധപതനത്തിന് കാരണം. അവന്റെ ഹൃദയം മിടിക്കണമെങ്കിൽ എന്റെ തലച്ചോർ തീരുമാനിക്കണമെന്നത് അക്രമ മതമാണ്. അത് അടിച്ചേൽപ്പിക്കുന്നത് അക്രമ രാഷ്ട്രീയമാണ്. അതിനെ നീതീകരിക്കുന്നത് വന്യ നിയമമാണ്.
വിവേചന ബുദ്ധിയാണ് ധാർമിക ബോധമെന്നറിയപ്പെടുന്നത്. മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് ഈ വിവേചന ബുദ്ധിയാണ്. ഹൃദയത്തിന് തലച്ചോറും തലച്ചോറിന് ഹൃദയവും എപ്രകാരം കടപ്പെട്ടിരിക്കുന്നുവോ അത് പോലെയാണ് വിവേചന ബുദ്ധിയും ജീവിതവും തമ്മിലുള്ള ബന്ധവും ഉണ്ടായിരിക്കുക.
എന്നാലിവിടെയോ?
- ജീവനെ നശിപ്പിക്കാൻ നെട്ടോട്ടമോടുകയും ജീവിത വിജയത്തിനായി ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.!
- ആയുധങ്ങളുമായി തെരുവിലിറങ്ങി നിന്ന് സമാധാന പ്രസംഗം നടത്തുന്നു!
- യുഗങ്ങളായി അദൃശ്യനായിരിക്കുന്ന ദൈവത്തിന്റെ നാമവും അഭിമാനവും നില നിർത്താൻ വേണ്ടി യുഗങ്ങളായി ദൃശ്യരായി ജീവിക്കുന്ന മനുഷ്യനെ കൊന്നൊടുക്കുന്നു.
- എന്റേം നിന്റെയും ശരീരം ഒരു പോലായതിനാൽ നമ്മൾ സമത്വമുള്ളവരാണെന്ന് പ്രഖ്യാപിച്ച ശേഷം നീ എന്നെ കൊല്ലാൻ പതിയിരിക്കുന്നു,
- എല്ലാം എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന് പറഞ്ഞിട്ട് നീ എന്റെ അവകാശം തട്ടിയെടുക്കാൻ ശാസ്ത്രം കണ്ടെത്തുന്നു.
- സാഹോദര്യവും അതിന്റെ സ്വാതന്ത്ര്യവും ഉച്ചത്തിൽ പ്രഘോഷിച്ച ശേഷം നീ നിന്റെ അധികാര കസേര എന്റെ തലയിലിട്ടതിൽ കയറി കുത്തിയിരിക്കുന്നു.

നിന്നെ നിയന്ത്രിക്കാൻ നീ എന്നെ അനുവദിക്കില്ലെങ്കിൽ
എന്നെ നിയന്ത്രിക്കാൻ നീയാര്?
ഞാൻ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കുന്നവരും തിരിച്ചറിയുന്നവനും സ്പന്ദനം വിവേചിച്ചറിയാൻ തലച്ചോറുള്ളവനുമാണ്.
എന്റെ ഹൃദയമിടിപ്പിന്റെ താളം നിന്റെ തലച്ചോർ തീരുമാനിക്കുന്നിടത്ത് സമാധാനം അന്യമാണ്. അക്രമം മതമാണ്‌.
എനിക്കൊപ്പം നീയും നിന്റെ ഹൃദയമിടിപ്പിനെ തിരിച്ചറിയുകയും നമ്മൾ അടുത്തടുത്തിരുന്നു് അതിനെ വിവേചിച്ചറിഞ്ഞ് ഒന്നിച്ചാസ്വദിക്കുകയും ചെയ്യുന്ന നിമിഷത്തെ
നമുക്ക്
സമാധാനം എന്ന് വിളിക്കാം

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്

No comments:

Post a Comment