Tuesday, December 9, 2014



എന്റെ പുതിയ പേര് ചുവടെ
ബ്രഹ്മശ്രീ ശങ്കരപുരി നംബുശ്ശേരി മനക്കൽ ജോയ് ജോസഫ്‌ നമ്പൂതിരിപാട്
എന്റെ കുറെ സുഹൃത്തുക്കൾ സമീപ കാലത്ത് പേരിനൊപ്പം നായർ, കുറുപ്പ് , നമ്പ്യാർ തുടങ്ങിയ വാലുകൾ വച്ച് പിടിപ്പിച്ച് ഫേസ് ബുക്കിലും ഫേസ് ഇല്ലാത്ത ബുക്കിലും പ്രത്യക്ഷ പെട്ട് തുടങ്ങിയിരിക്കുന്നു. പേരിനൊപ്പം വാനര വാൽ തൂക്കിയാൽ എന്തോ അവർക്ക് കിട്ടും എന്ന് അവർ വിശ്വസിക്കുന്നു. വാലിനു നീളം കൂടുന്നു എന്നത് ഒഴിച്ചാൽ വേറെ മാറ്റം ഒന്നും കാണുന്നില്ല എന്ന് അങ്ങട് പറയാനും പറ്റില്ല ട്ടോ . മാറ്റ്ണ്ട് .. ഇതുവരെ അവരൊക്കെ ചെയ്തു പോന്ന ചേട്ടാ തരങ്ങളുടെ അളവിലും തൂക്കത്തിലും എണ്ണത്തിലും വർധനവ് സാരായി ഇന്ടായ്ട്ടുണ്ട് . അപ്പൊ നോമായി എന്തിനു വാല് കുറയ്ക്കണം എന്നൊരു ശംശ്യം . കൂട്ടുമ്പോൾ വാലായി കൂട്ടിയാൽ ശി ഫങ്ങി പോരാ എന്ന് തോന്നിയത് കൊണ്ട് ആനുപാതികം ആയി തലയ്ക്കും ശി വലിപ്പം അങ്ങട്‌ ഇരിക്കട്ടെ എന്ന് നോമങ്ങു വച്ച്.
ചുമ്മാ തലേം വാലും അങ്ങട് കൂട്ടിയാൽ നാശം കോശം ആയെങ്കിലോ എന്ന് കരുതി നോം നമ്മുടെ കുടുംബ പാരമ്പര്യ പൊത്തകം തുറന്നങ്ങ്ട് നോക്കി. താവഴി കണക്കിലും തലവഴി കണക്കിലും നമ്മുടെ കുടുംബ യോഗം ചരിത്രം പരിശോധിച്ചപ്പോൾ നമ്മുടെ പൂർവികർ മുസരിസ് എന്ന കൊടുങ്ങല്ലൂരിലെ ശങ്കരപുരി ഇല്ലാതെ കാരണവർ എ ഡി 52 ൽ തോമ്മാസ്ളീഹായിൻ നിന്ന് മാമ്മോദീസാ വെള്ളം തലയിൽ വീഴ്ത്തി നസ്രാണി കൂട്ടത്തിലേക്ക് പോയ ഒരാൾ ആയിരുന്നു. പിന്മുരക്കാരിൽ ഒരാള് കുറവിലങ്ങാട് കളതൂരിൽ നംബുശ്ശേരി ദേശത്ത് താമസം ആക്കിയെന്നും ചരിത്രം പറയുന്നു. ആ കണക്കിൽ നോം ക്രിസ്ത്യാനി ആയ ബ്രാഹ്മണൻ ആണ്.
അപ്പോൾ തലയും വാലും മാറ്റിയെ മതിയാകൂ..
കാട്ടുന്നത് എന്തായാലും അല്പത്തരം ആയതു കൊണ്ടും കാട്ടുമ്പോൾ അല്പതരമാണ് എങ്കിൽ പോലും അത് ഭേഷായി ചെയ്യണം എന്ന് നമ്മൾ ബ്രാഹ്മാണ്യമുള്ളവർക്ക് നിർബന്ധം ഉള്ളത് കൊണ്ടും നോം അതങ്ങ് ഭേഷായി ചെയ്യുന്നു. ഒന്നും വിചാരിക്കരുത് കേട്ടോ. വാലും തലയും നീട്ടി എന്നതുകൊണ്ട്‌ ഇതുവരെ നടത്തി വന്നിരുന്ന ചെറ്റത്തരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല...
എന്റെ പുതിയ പേര് ചുവടെ
ബ്രഹ്മശ്രീ ശങ്കരപുരി നംബുശ്ശേരി മനക്കൽ ജോയ് ജോസഫ്‌ നമ്പൂതിരിപാട്

No comments:

Post a Comment