Wednesday, October 10, 2012

അന്നത്തെ ആ പഴയ ശാപമോ അതോ ഇന്നത്തെ ഈ പുതിയ അനുഗ്രഹമോ . .ഏതാണ് ഫലിക്കുക ?



ഇതൊരു കഥ

ഇന്നലെ ഞാന്‍ ഓഫീസിലേക്ക്  സ്റ്റെപ്പ്  കയറി ചെല്ലുമ്പോള്‍  ഓമനത്തം ഉള്ള കുട്ടി ഒരു വരാന്തയിലൂടെ ഓടിക്കളിക്കുന്നു.എന്നെ കണ്ടപ്പോള്‍ ചുണ്ടുകല്‍ക്കിടയിലേക്ക് ചൂണ്ടു വിരല്‍ തിരുകി അവന്‍ എന്നെ തുറിച്ചു നോക്കി നിന്നു. ആ കുട്ടിയെ നിയന്ത്രിക്കാന്‍ ഓടി പിന്നാലെ എത്തിയ സുന്ദരി യുവതിയെ കണ്ടപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മുഖം  മറവിയിലേക്ക് കടന്നു പോയിട്ട് ആറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു എന്നാ ഓര്‍മയാണ് ആദ്യം ഉണ്ടായത്!! ചെറുപ്പത്തിന്റെ അവിവേകം ആവേശം ആയിരുന്ന കാലത്ത് ചെയ്ത കാര്യങ്ങളില്‍ ഒന്നായിരുന്നു ആ മുഖം പറയുന്ന കഥ എന്ന് ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. എന്നെ കണ്ടപ്പോള്‍ അവള്‍ അതിശയത്തോടെ നോക്കി നിന്നു !! കണ്ണ് മിഴിച്ചു!! പല്ലുകള്‍ എല്ലാം കാണും വിധം നന്നായി ചിരിച്ചുകൊണ്ട്!! അതിശയം വാ പൊളിച്ചു നിക്കുന്നതിനിടയില്‍ അവള്‍ കുട്ടിയെ വാരി എടുത്തു നെഞ്ചോടു ചേര്‍തു ..എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ദേ ...ജോ..
അപ്പോള്‍ അല്പം തടിച്ചു പൊക്കം കൂടിയ വെളുത്ത ഒരു ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വേഗത്തില്‍ വന്നു. ഞാന്‍ പാതി കയറിയ സ്റ്റെപ്പില്‍ തന്നെ നില്‍ക്കുകയാണ് അപ്പോഴും. എന്റെ കണ്ണുകള്‍ മിഴിഞ്ഞു തന്നെ ഇരുന്നു. ചിരിയില്‍ അതിശയം മുഴച്ചു നിന്ന്. വന്ന ചെറുപ്പക്കാരന്‍ പെട്ടെന്ന് സ്റ്റെപ്പിറങ്ങി വന്നു എന്നെ കെട്ടി പിടിച്ചു. ഞാന്‍ അപ്പോഴും അതിശയ ലോകത്തായിരുന്നു.എനിക്ക് എന്ത് പറയണം എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ.
ഞാന്‍ അവന്റെ കൈ പിടിച്ചു മുകളിലേക്ക് കയറി ചെല്ലുമ്പോള്‍ അറുപതു കഴിഞ്ഞ ഒരു സ്ത്രീയും പുരുഷനും അവിടെ നില്‍ക്കുന്നു. മുഖങ്ങള്‍ മറക്കാന്‍ പറ്റില്ല. ആ  യുവതിയുടെ അച്ഛനും അമ്മയും!! ഒരു സെക്കന്റ് കൊണ്ട് എന്റെ ഓര്‍മ്മകള്‍ ഒന്‍പതു വര്ഷം പിന്നില്‍ എത്തി തിരിച്ചു വന്നു.
അവന്‍ അജിത്‌. കോളേജില്‍ എന്റെ ജൂനിയര്‍ ആയിരുന്നു. ഞാന്‍ മൂന്നാം വര്ഷം ഡിഗ്രി പഠിക്കുമ്പോള്‍ അവന്‍ ഒന്നാം വര്‍ഷക്കാരന്‍. അലമ്പ് കമ്പനിയില്‍  ഗുരുവായി വാണ അക്കാലത്തെ എന്റെ ശിഷ്യന്മാരില്‍ ഒരുവന്‍. പക്ഷെ പഠനത്തില്‍ അവന്‍ എന്നെപോലെ ആയിരുന്നില്ല. മിടുമിടുക്കന്‍. !!
അവള്‍ രാജാ ശ്രീ മേനോന്‍ ..അവന്റെ ക്ലാസ് മേയ്റ്റ് !! രാവിലെ ആദ്യ ബസ്സില്‍ കോളേജില്‍ എത്തി വേഷം കെട്ടുകള്‍ കാണിച്ചു വരാന്തയില്‍ പെണ്‍ പിള്ളേരെ കമന്റടിച്ചു വായില്‍ നോക്കി വളച്ചു നടക്കാന്‍ കൊതിച്ചു നടന്ന കാലത്ത് അജിത്‌ വളചെടുതതാണ് രാജിയെ. അതങ്ങനെ . എന്നാല്‍ പഠനം കഴിഞ്ഞു പോയപ്പോള്‍ കണ്ണീരോടെ വിട പറഞ്ഞപ്പോള്‍ അതവിടം കൊണ്ട് കഴിഞ്ഞു എന്നാണു ഞാന്‍ കരുതിയത്‌. ഇടയ്ക്കു അജിത്‌ വിളിക്കും. അപ്പോള്‍ അവന്‍ വുഡ് ടെക്നോളജി പഠനം. ഞാന്‍ പത്രത്തില്‍ കൈലി കുത്തും. അവളുടെ കാര്യം ചോതിച്ചാല്‍ ഒഴിഞ്ഞു മാറല്‍ ആയിരുന്നു പതിവ്. ഞാന്‍ പിന്നെ പുറകെ നടന്നു ചോദിച്ചുമില്ല. അവന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ചെക്കന്‍. അച്ഛന്‍ തട്ടാന്‍ ആണ്. തൃശൂരിലെ ഒരു ചെറിയ സ്വര്‍ണക്കടയില്‍ ജോലി നോക്കുന്നു അന്ന്. ഒരനുജന്‍ പഠിക്കുന്നു. അമ്മ പാവം വീട്ടമ്മ. എന്നാല്‍ രാജിയുടെ കുടുംബം അങ്ങനെയല്ല. മുഴുത്ത മേനോന്‍ കുടുംബം. അച്ഛനും അമ്മയും അധ്യാപകര്‍. അനുജനും അനുജത്തിയും.

ഒന്‍പതു വര്ഷം മുന്പ് ഒരു ജൂലൈ മാസം. കണ്ണൂരില്‍ മഴ ഉരുള്‍പൊട്ടല്‍ ആയി പെയ്യുന്ന ഒരു ദിവസം. ഉച്ച സമയം. പുറത്തു നല്ല മഴ ആയിരുന്നു. തുള്ളിക്കൊരു കുടം എന്ന് പറയുമ്പോലെ അല്ല, അതെ പടി തന്നെ പെയ്യുന്ന മഴ. പത്ര ഓഫീസില്‍ ഇരുന്നു ജോലികള്‍ ചെയ്യുമ്പോള്‍ ഓഫീസ് ബോയ്‌ റോയ് വന്നു പറഞ്ഞു ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു എന്ന്. ഞാന്‍ ചെല്ലുമ്പോള്‍ മഴ നനഞ്ഞു കയറി വന്ന അജിത്‌ തുവാല കൊണ്ട് തല തുടയ്ക്കുകയാണ്. കുറ്റി രോമങ്ങള്‍ കയറിയ മുഖം . കണ്ണുകളില്‍ ഉറക്കച്ചടവ്. ആകെ ചടച്ചു കോലം കെട്ട  കോലം !! എന്ത് പറ്റി അജി ? ഞാന്‍ ചോദിച്ചു.അല്‍പ്പം പരിഭ്രമവും കുറെ ആശങ്കയും ഭയവും നിരാശയും ഒക്കെ കലര്‍ന്ന ഒരു ഭാവമായിരുന്നു അവനപ്പോള്‍. അടുത്ത് ആരുമില്ലായിരുന്നു എങ്കില്‍ അവന്‍ പൊട്ടിക്കരയും എന്ന് എനിക്ക് തോന്നി. എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായിഎനിക്ക്. ഞാന്‍ അവനെ കൂട്ടി കാന്റീനില്‍ ചെന്ന് ഒരു കപ്പ്‌  ചൂട് കാപ്പി വാങ്ങി കൊടുത്തു. നല്ല ചൂടുള്ള കടികളും !! അവന്‍ ആര്‍ത്തിയോടെ കാപ്പി കുടിച്ചു. കടി കടിച്ചു പറിച്ചു തിന്നു തുടങ്ങിയെങ്കിലും പകുതി ആയപ്പോള്‍ പെട്ടെന്ന് അത്താഴെ വച്ചു .എന്നെ ദയനീയമായി നോക്കി. അവന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ ഞാന്‍ എണീറ്റ്‌ അവന്റെ തോളില്‍ പിടിച്ചിട്ടു പറഞ്ഞു "വാ നമുക്ക് റൂമില്‍ പോകാം"
ഞാന്‍ നടന്ന പിറകെ അവന്‍ തല കുനിച്ചു എന്തോ ആലോചിച്ചു നടന്നു വന്നു. അത് വരെ അവന്‍ എന്നോട് ഒന്നും മിണ്ടിയിരുന്നില്ല. ഞാനും ഒന്നും അന്വേഷിച്ചില്ല. ഉച്ച കഴിഞ്ഞു ഞാന്‍ ഇല്ല എന്ന് രേഖപ്പെടുത്തി അവനെയും കൂട്ടി മഴ നനഞ്ഞു ഓടി ചെന്ന് ഒരു ഓട്ടോയില്‍ കയറി റൂമില്‍ എത്തി. സഹ മുരിയന്മാര്‍ ആരുമില്ല. പിറ്റേന്ന് ഞായര്‍ ആയതിനാല്‍ അവരെല്ലാം നാട് വിട്ടിരുന്നു. ഞാന്‍ അജിത്തിനോട് ഇരിക്കാന്‍ പറഞ്ഞു. അവന്‍ ഇരുന്നു. എന്ത് പറ്റി അജീ? നിനക്കെന്താ പറ്റീത്? നീ ആകെ കോളം കേട്ടിരിക്കുന്നല്ലോ? മറുപടി ഒരു കരച്ചില്‍ ആയിരുന്നു.. ഞാന്‍ ഭയന്ന് പോയി. അവനു മാനസിക രോഗം ആണോ എന്ന് ഞാന്‍ ആദ്യ നിമിഷം ഭയപ്പെട്ടു..അവന്‍ ഉറക്കെ നെഞ്ച് പൊട്ടി കരയുകയാണ്. എന്റെ ശിഷ്യനായി നടന്ന കാലത്ത് അവന്‍ ടെന്‍ഷന്‍ അടിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല.അവനാണ് പൊട്ടി പൊട്ടി കരയുന്നത്. ഏങ്ങലടിച്ചു കരയുന്ന അവനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.നീ ഇങ്ങനെ കരഞ്ഞാലോ? കാര്യം പറയൂ. എന്താണെങ്കിലും ഞാന്‍ ശരി ആക്കി തരാം. ഞാനല്ലേ ഉറപ്പു പറയുന്നത്. നീ കാര്യം പറയൂ..
ഞാന്‍ വിചാരിച്ചത് ഒന്നുകില്‍ അവനോ അവന്റെ കുടുംബത്തിലോ എന്തെങ്കിലും അനിഷ്ട്ട സംഭവം ഉണ്ടായിട്ടുണ്ടാവും എന്നാണു. അതല്ലെങ്കില്‍ അബദ്ധത്തില്‍ വല്ല  കുറ്റ കൃത്യവും ചെയ്തിട്ടുണ്ടാവും അതുമല്ലെങ്കില്‍ വല്ല സാമ്പത്തിക പ്രശ്നം. ഇതില്‍ ഏതാണെങ്കിലും എങ്ങനെയും അവനെ ഒരു വിധത്തില്‍ ആസ്വസിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യാന്‍ ആകും എന്ന ഉറപ്പു എനിക്കുണ്ടായിരുന്നു.
എന്നാല്‍ അവന്‍ പറഞ്ഞ കാര്യം കേട്ട് ഞാന്‍ അതിശയിച്ചു പോയി. കോളേജു കാലത്ത് ഉണ്ടായിരുന്നതും അത് കഴിഞ്ഞപ്പോള്‍ തീര്‍ന്നു എന്ന് ഞാന്‍ കരുതിയതുമായ ആ പ്രണയം അവന്‍ അപ്പോഴും കുറയാതെ തുടരുകയാണ്!! എന്നോട് തമാശ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും അവന്‍ ഗൌരവം വിടാതെ അവളെ പ്രണ യിക്കുകയായിരുന്നു !! അവളും. അവള്‍ ഇതിനിടയില്‍ ബി എഡും  എടുത്തിരുന്നു. അവന്‍ വൂഡ് ടെക്നോളജി പഠനം കഴിഞ്ഞു ജോലി തെണ്ടുന്നു. കൂലിയോ വരുമാനമോ ഇല്ല. അവള്‍ ആകട്ടെ ഏതോ ഒരു നായര്‍ സ്കൂളില്‍ ലീവ് വെക്കന്‍സിയില്‍ ടീച്ചര്‍ ആണ്!!
ഇപ്പോള്‍ വീട്ടുകാര്‍ അവള്‍ക്കു കല്യാണം  ഉറപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്. മുറ ചെറുക്കന്‍ ആയി വരും ചെക്കന്‍. അവന്‍ വിദേശത്ത് .. ഉയര്‍ന്ന ജീവിത നിലവാരം. വീട്ടുകാര്‍ സംഗതി ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ചെക്കന്‍ വന്നാല്‍ കെട്ട്  ഉടന്‍ ..
"എനിക്ക് അവളില്ലാതെ ജീവിക്കാന്‍ ആവില്ല" അജിത് എന്നോട് പറഞ്ഞു.അവളെ കെട്ടാന്‍ പറ്റീല്ലെങ്കില്‍ ഞാന്‍ ചാകും. കാരണം ഞാന്‍ അവളെ കെട്ടാന്‍ വേണ്ടി ആണ് പണം ഇല്ലഞ്ഞിട്ടും ഒരു തൊഴില്‍ പഠിക്കാന്‍ പോയത്. എന്നിട്ടും..
ഞാന്‍ അവനോടു ചോദിച്ചു."അത് നിന്റെ കാര്യം. അവളുടെ നിലപാട് എന്താണ്? പെണ്ണല്ലേ ? പള പളപ്പ് കണ്ടാല്‍ കാലു വാരുന്ന ഇനം ആണ്. എന്ത് ചതി കാണിച്ചിട്ടും അതിനൊക്കെ ന്യായം പറയും പെണ്ണുങ്ങള്‍. സുരക്ഷിതം എന്ന് കണ്ടാല്‍ കൊന്നിട്ടും കാര്യം കാണും അതുങ്ങള്‍ !! അത് കൊണ്ട് അവളുടെ നിലപാട് അറിയാതെ എങ്ങനാ? നിലപാട് അറിഞ്ഞുട്ടും കാര്യമില്ല. എന്തെങ്കിലും അറ്റ കൈ ചെയ്യേണ്ടി വന്നാല്‍ അവള്‍ ഒടുക്കം ചതിക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?"
അവള്‍ ഞാന്‍ വിളിച്ചാല്‍ വരും എന്നുറപ്പാണ്. പക്ഷെ എങ്ങനെ? എങ്ങോട്ട്? എപ്പോള്‍? ഒരുത്തരവും ഇല്ല . ജോലി ഇല്ല കൂലി ഇല്ല. കേറി കിടക്കാന്‍ ഒരു വീടുണ്ട് അച്ഛന്‍ ഉണ്ടാക്കീത്‌. അവിടേക്ക് കയറി ചെന്നാല്‍ അച്ഛന്‍ എതിര്‍ത്താല്‍? പ്രശ്നങ്ങള്‍ ഉണ്ടായാല്‍? എവിടെക്കെങ്കിലും പോകാം എന്ന് വെച്ചാല്‍ വണ്ടിക്കൂലിക്ക് പോലും കാശില്ല. ജീവിക്കണ്ടേ? സംരക്ഷിക്കെണ്ടേ?
പിന്നെ എന്ത് ധൈര്യത്തില്‍ ആണ് നീ ഇങ്ങോട്ട്  വന്നത്?
അവള്‍ പറഞ്ഞു ജോയിച്ചനെ ഒന്ന് കാണൂ, പറയൂ എന്തെങ്കിലും വഴി കണ്ടു പിടിക്കും എന്ന്!!
ദൈവമേ.. ഇപ്പോള്‍ പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ഉള്ള പദ്ധതി തയ്യാര്‍ ആക്കാന്‍ കൂടി ആണോ എന്റെ ഒരു ഗതി? പക്ഷെ എന്നെ വിശ്വസിച്ചവരെ തള്ളിക്കളയാന്‍ എനിക്ക് ആവില്ല. അന്നും ഇന്നും
ശരി ഞാന്‍ സഹായിക്കാം. പക്ഷെ ആദ്യം എനിക്ക് അവരുടെ മാതാ പിതാക്കളോട് ഒന്ന് സംസാരിക്കണം. എന്നിട്ട് തീരുമാനിക്കാം.
അവന്‍ അതിനു തയ്യാര്‍ അല്ല. കാരണം ആ വഴി ഒക്കെ അവന്‍ പയറ്റി കഴിഞ്ഞിരിക്കുന്നു. അതിന്റെ ഫലം ഇപ്പോള്‍ അവളെ കണ്ടു കിട്ടണമെങ്കില്‍ നോമ്പ് നോക്കേണ്ട അവസ്ഥ ആയിരിക്കുന്നു.
ഞാന്‍ പക്ഷെ എന്റെ നിലപാടില്‍ ഉറച്ചു നിന്ന്. ഒടുവില്‍ അവന്‍ വഴങ്ങി. രാത്രി വണ്ടിക്കു ഞാന്‍ തൃശൂര്‍ക്ക് പുറപ്പെട്ടു.കൂടെ വേറെ രണ്ടു മിത്രങ്ങളെയും കൂട്ടി..
തൃശൂര്‍ ചെന്ന് രാവിലെ അവിടുള്ള ഏറ്റവും അടുത്ത രണ്ടു പേരെ കൂടെ കൂട്ടി രാജിയുടെ വീട്ടില്‍ ചെന്ന് ഞങ്ങള്‍. ഞങ്ങള്‍ രണ്ടു പേര്‍ മാത്രം ആണ് വീട്ടിലേക്കു ചെന്നത്. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് രാജി ആണ്. എന്നെ കണ്ടതെ അവള്‍ പേടിച്ചരണ്ടു.അവളുടെ കണ്ണില്‍ അപ്പോള്‍ കണ്ടത് ഭയവും പ്രതീക്ഷയും നിരാശയും ഒക്കെ കലര്‍ന്ന ഒരു ഭാവം. കണ്ണ് നിറയുന്നതും കണ്ടു. അവള്‍ തിരിഞ്ഞു പുറകോട്ടു തിരിയുമ്പോള്‍ അവളുടെ പുറകില്‍ അവളുടെ അച്ഛനും അമ്മയും.
ഞങ്ങള്‍ കണ്ണൂരില്‍ നിന്നാണ്. ഒരു കാര്യം സംസാരിക്കാന്‍ ഉണ്ടായിരുന്നു.
ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്നു. ഗൌരവം ആണ് എല്ലാവര്ക്കും. ഞാന്‍ എന്നെ പരിചയപ്പെടുത്തി, വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്ക് കടന്നു.
ആദ്യത്തെ രണ്ടു വാചകം പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം എണീറ്റ്‌ നിന്നിട്ട് പറഞ്ഞു, നിങ്ങള്ക്ക് പോകാം..ഇനിയും നിന്ന് സംസാരിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളെ നേരിടാന്‍ ഞാന്‍ പോലെസിനെ വിളിക്കും. ഞാന്‍ വീണ്ടും പറയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു
ഇറങ്ങെടാ പുറത്തു
ഞങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ കര്‍ട്ടന്‍ ഇട്ട വാതില്‍ അടിയില്‍ കണ്ണ് നീര്‍ വീഴ്ത്തി പ്രതീക്ഷ ഇല്ല എന്നു ഉറപ്പാക്കി തലയാട്ടി പോക്കൊലാന്‍ ആന്ഗ്യം കാണിക്കുന്ന രാജി.
ഇറങ്ങുമ്പോള്‍ എന്റെ വിസിറ്റിംഗ് കാര്‍ഡ്‌ ഞാന്‍ ഒരെണ്ണം നിലത്തിട്ടു. അതില്‍ അന്ന് വിളിച്ചാല്‍ കിട്ടുന്ന ഒരു നമ്പറും ഞാന്‍ എഴുതി വെച്ചിരുന്നു.
അവള്‍ കാണ്‍കെ എന്നാല്‍ മറ്റുള്ളവരുടെ ശ്രദ്ധ വീഴാതെ അതവിടെ ഇട്ടു ഞാന്‍ പോന്നു.
അന്ന് പകല്‍ പിരി മുറുകി കടന്നു പോയി. വിളി വന്നില്ല.എല്ലാവര്ക്കും ടെന്‍ഷന്‍. സന്ധ്യ ആയി. പാതി രാത്രി ആയി. രാത്രി ഒരു മണിക്ക് ബെല്ലടിച്ചു ആ ഫോണില്‍.
പതിഞ്ഞ ശബ്ദത്തില്‍ അവള്‍ രണ്ടു കാര്യം പറഞ്ഞു. ഒന്ന്. ഞാന്‍ ജീവിക്കുന്നെകില്‍ അത് അജിക്കൊപ്പം മാത്രം. അല്ലെങ്കില്‍ മരിക്കും. രണ്ടു വിളിച്ചാല്‍ എവിടെക്കാനെങ്കിലും വരും.
ഞാന്‍ പറഞ്ഞു ' നാളെ അമ്പലത്തില്‍ വരിക. അവന്റെ കൂടെ ജീവിക്കാന്‍ തയ്യാര്‍ ആയി. ഒന്നും എടുക്കരുത് വീട്ടില്‍ നിന്ന്. ഇട്ടിരിക്കുന്ന ഡ്രസ്സ്‌ അല്ലാതെ എടുക്കാവുന്ന ഒരേയൊരു വസ്തു സര്ടിഫിക്കട്ടുകള്‍ മാത്രം!!
ഫോണ കട്ടായി
പിറ്റേന്ന് രാവിലെ ഒരു കാറില്‍ ഞങ്ങള്‍ പാരമെകാവ് അമ്പലത്തിനു മുന്നിലെത്തി കാത്തു നിന്ന്. അവളും അച്ഛനും അമ്മയും അനിയത്തിയും അനുജനം വന്നു.എല്ലാവരും അകത്തേക്ക് കയറി പോയി. കാര്‍ റെഡി. അകത്തേക്ക് പോയ അവള്‍ അതി വേഗം തിരിച്ചു വന്നു. കയ്യില്‍ ഒരു പപ്ലാസ്റ്റിക്‌ കൂട്ടില്‍ സര്ടിഫികട്ടുകള്‍.!!കാറി കയറിയാതെ ഞങ്ങള്‍ പാലക്കടെക്ക്. അവിടെ നിന്ന് കോയമ്പത്തൂര്‍..


കോയമ്പത്തൂര്‍ ഗാന്ധി നഗര്‍ ബസ്‌ സ്ടാണ്ടിനു സമീപം താമസിക്കുന്ന ജോന്സന്‍ എന്ന കൂട്ടുകാരനെ തേടിയാണ് ആദ്യം പോയത്. അവിടെ ചെല്ലുമ്പോള്‍ വീടുപൂട്ടി കിടക്കുന്നു. ഇനി എങ്ങോട്ട്?  നേരെ മറ്റൊരുസുഹൃതിന്റെ വീട്ടിലേക്കു . മധുര റോഡില്‍ അരവിന്ദ് ഐ ഹോസ്പിടലിനു സമീപത്താണ് അവന്റെ വീട്. റോയ് . അവിടെത്തി കാര്യങ്ങള്‍ പറഞ്ഞു.അവന്‍ രണ്ടു കൈയും നീട്ടി അവരെ അവിടെ സ്വീകരിച്ചു. ആശ്വാസം. സ്നേഹിതരുടെ വില അറിയുന്ന അപൂര്‍വ്വം നിമിഷങ്ങളില്‍ ചിലത് അങ്ങനെയാണ്.അവരെ അവിടെയാക്കി  ഞാന്‍ മടങ്ങി തൃശൂരിലേക്ക് .
രാജിയുടെ അച്ഛനെ കാണുകയായിരുന്നു എന്റെ ഉദ്ദേശം. വീണ്ടും ഒരു സന്ധി. മകളെ ഇരു ചെവി അറിയാതെ തിരിച്ചു എത്തിക്കാം, പൊന്നും പണവും അവകാശവും ഒന്നും വേണ്ട, വിവാഹം നടത്തി കൊടുത്താല്‍ മതി. ഇതാണ് വ്യവസ്ഥ. ഇത് ഒരു മുദ്ര പത്രത്തില്‍ എഴുതി കൊടുക്കാം എന്നാ ഉറപ്പും കൊടുക്കാം എന്ന് കരുതി. ഞാന്‍ ഒറ്റക്കാണ്.
വീടിന്റെ ഗെയ്റ്റ് കടന്നു ചെന്നപ്പോള്‍ എന്നെ സ്വീകരിച്ചത് ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു. അവളുടെ അമ്മയുടെ കരച്ചില്‍. എന്റെ മനസ്സ് പതറി പോയി. ഞാന്‍ ഉള്ളിലേക്ക് കേറുമ്പോള്‍ ആരും മിണ്ടുന്നില്ല. ആരും നോക്കുന്നു പോലും ഇല്ല. ആ വീട്ടില്‍ അവരാ കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ബന്ധുക്കളും ഒക്കെ അവിടെ ഉണ്ടാകും എന്നാണു ഞാന്‍ കരുതീത്. എനിക്ക് തെറ്റി.
ഞാന്‍ മുരടനക്കി. അപ്പോള്‍ അച്ഛന്‍  എന്നെ ഒന്ന് നോക്കി. ഞാന്‍ വീണ്ടും എന്നെ പരിജയപ്പെടുത്തി. അച്ഛന് യാതൊരു പ്രതികരണവും ഇല്ല. അമ്മയുടെ ഏങ്ങലടി അപ്പോഴും തുടരുന്നു. കൊച്ചനുജന്‍ ഒരു കസേരയില്‍ താടിക്ക് കൈ കൊടുത്തു അച്ഛനെ നോക്കി ഇരിക്കുന്നു. അനുജത്തിയെ കണ്ടതേയില്ല. ആകെ ഒരു മരണ വീട്ടില്‍ സംസ്കാരം കഴിഞ്ഞു സങ്കടത്തോടെ ഇരിക്കുന്ന പ്രതീതി.
ഞാന്‍ സംസാരിച്ചുതുടങ്ങി. സംഭവിക്കേണ്ടത്‌ സംഭവിച്ചു. ഇനി അത് ആരും അറിയാതെ ഒരു വിധം ഒതുക്കി തീര്‍ക്കാം.
ആരും മിണ്ടുന്നില്ല.
ഞാന്‍ വീണ്ടും സംസാരിച്ചു.
ആരും മറുപടി തരുന്നില്ല
ഞാന്‍ പലതും പറഞ്ഞു നോക്കി.
ആരും പ്രതികരിച്ചില്ല.

നിര്‍  വികാരതയോ ദേഷ്യമോ സങ്കടമോ അപമാനമോ നിരാശയോ കലര്‍ന്ന ആ മുറിയില്‍ ഒന്നും പറയാന്‍ കഴിയാതെ ഒരുപാട് നേരം ഇരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പുറത്തേക്കു ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ഇവിടെ വന്നത് നിങ്ങളുടെ അഭിമാനവും എന്റെ കൂട്ടുകാരുടെ ജീവിതവും ഒന്നായി ചേര്‍ത്ത് സന്തോഷം ആയിരിക്കാന്‍ വേണ്ടി ആണ്. അല്‍പ്പം വിട്ടു വീഴ്ച ചെയ്‌താല്‍ അത് രണ്ടും നടക്കും.   എനിക്ക് അതെ പറയാനുള്ളൂ.
ഞാന്‍ മറുപടിക്ക് കാത്തു നിന്ന്. അപ്പോള്‍ ആ പിതാവ് ശബ്ദം ഊയര്തി. ഒരു മകളെ പെറ്റു  വളര്‍ത്തി പഠിപ്പിച്  ഒരു നിലയ്ക്ക് എത്തിക്കണം എങ്കില്‍ ഉള്ള കഷ്ട്ടപ്പാട് നിനക്ക് അറിയില്ല. അങ്ങനെ വളര്‍ന്ന മകള്‍ ഏതോ ഒരുത്തനെ വിശ്വസിച്ചു പെറ്റ അമ്മയെയും വളര്‍ത്തിയ അച്ഛനെയും ഇട്ടിട്ടു പോയാല്‍?
അതിന്റെ വിഷമം അവള്‍ക്കു അറിയില്ല. ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ക്കും അറിയില്ല. നിങ്ങള്‍ ഒക്കെ കൂടി തകര്‍ത്തത് ഒരു കുടുംബത്തെ ആണ് .. അത് മനസിലാക്കി പെരുമാറാന്‍ ഇപ്പോള്‍ നിങ്ങള്ക്ക് കഴിയില്ല. പിന്നീട് അറിയുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചാല്‍ മതി..
ആ സമയത്ത് ആ അമ്മ എണീറ്റ്‌ വന്നു കരച്ചില്‍ അടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ തന്നെ പറഞ്ഞു
നീയൊന്നും ഗുണം പിടിക്കാതെ പോട്ടെ..
ഞാന്‍ ചിരിച്ചു.എന്റെ വീരസ്യം !! പുച്ഛം,
തിരിച്ചിറങ്ങി വീണ്ടും കണ്ണൂരിലേക്ക്.
കുറച്ചു ദിവസത്തിനുള്ളില്‍ അജിത്തും രാജിയും രജിസ്റ്റര്‍ കല്ല്യാണം നടത്തി.
പിന്നെ ഒരു ജോലിക്ക് തെണ്ടല്‍ ആയി ഇരുവരും. ഒടുവില്‍ ഒരു വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ അജിത്തിന് ജോലി കിട്ടി.

ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു അവര്‍ താമസം മാറ്റി.
ഞാന്‍ അവിടെ പോയി. അവര്‍ക്ക് എന്നാല്‍ ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്തു
കാലം അങ്ങനെ മുന്നോട്ടു പോയി. അജിത്‌ പല കമ്പനി മാറി മാറി ഇഇനൊരു മലേഷ്യന്‍ കമ്പനിയില്‍ എത്തി. അവിടെ കുടുംബ സഹിതം താമസം ആക്കി.നല്ല സാമ്പത്തികം . ഉയര്‍ന്ന ശമ്പളം. ജീവിതനിലവാരം. സ്വന്തമായി കോയമ്പത്തൂരില്‍ ഫ്ലാറ്റ്.കാര്‍!!
നാല് വര്‍ഷങ്ങള്‍ കൊണ്ട് അവന്‍ ആകെ പച്ച പിടിച്ചു.
അവനു അതിനുള്ള കഴിവും ഉണ്ടായിരുന്നു.
ഇതിനിടയില്‍ രാജിയുടെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ ഞാന്‍ തിരക്കിയിരുന്നു.
വളരെ പരിതാപകരം ആയിരുന്നു സ്ഥിതി ആ വീട്ടില്‍. അവര്‍ താമസം മാറ്റി. അനുജത്തി നന്നായി പഠിക്കുമായിരുന്നു. അനുജന്‍ ഉഴപ്പി തുടങ്ങി. നിര്‍ജീവമായ ഒരു ജീവിതം!!
പിന്നെ പതിയെ പതിയെ അജിത്തും രാജിയും അവരുടെ ജീവിതവും ഒക്കെ എന്റെ ഓര്‍മകളില്‍ നിന്ന് മറഞ്ഞു ..കാരണം ഞാന്‍ പഴയ ജോയി ആയി തന്നെ ജീവിച്ചു.അവരൊക്കെ ഓരോരോ ജീവിത നിലവാര വിജയ ഭ്രമണ പഥങ്ങളില്‍ വിരാജിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു  വര്‍ഷമായി എനിക്ക് ഇവരെ പറ്റി  ഒന്നും അറിയില്ല.
ഇന്നിതാ ഓര്‍ക്കാപ്പുറത്ത് അവര്‍.!!! എന്റെ മുന്പില്‍.
അവന്‍ സിങ്കപ്പൂരില്‍  ജോലി ചെയ്യുന്നു. വീട് സ്വന്തമായി ഒന്ന് തൃശൂരിലും ഉണ്ടാക്കി അവന്‍. ഇപ്പോള്‍ നാട്ടില്‍ വന്നതാണ്.  ആറു മാസം ഇവിടെ ഉണ്ടാവും.
അതിനിടയില്‍ ക്ഷേത്ര ദര്‍ശനത്തിനു ഇറങ്ങിയതാണ് ആ കുടുംബം.
ഒപ്പം എന്നെ കാണാനും.
ഞാന്‍ ഭാഗ്യവാന്‍!! അവര്‍ക്ക് ദൈവത്തെ പോലെ ആണ് ഞാന്‍ അത്രേ..ഒരു മുഖ സ്തുതുതി ചുമ്മാ കിട്ടി. അതെങ്കില്‍ അത് ഇരിക്കട്ടെ എന്ന് ഞാനും വച്ചു .
ഏകദേശം നാല് മണിക്കൂര്‍ അവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചും കഥകള്‍ പറഞ്ഞും. ഒക്കെ. ഇതിനിടയില്‍ അവര്‍ ഒരു ദിവസം എന്റെ വീട്ടില്‍ വന്നിരുന്നു അത്രേ.പക്ഷെ വാതിലുകള്‍ പൂട്ടിയ നിലയില്‍. അടുത്ത വീട്ടില്‍ ചോതിച്ചപ്പോള്‍ ഞാന്‍ രാവിലെ പോകും  രാത്രി വൈകിയേ  വരൂ  എന്ന് പറഞ്ഞു അത്രേ.. എന്റെ വീട്ടില്‍ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞില്ല. കാരണം പിന്നെ അതിനൊക്കെ വേറെ ഒരുപാട് വിശദീകരണങ്ങള്‍ കൊടുക്കേണ്ടി വരും ഞാന്‍. അതുകൊണ്ട് ചില്ലറ താട്ടു മുട്ടുകള്‍ പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി.
പെണ്ണ് കെട്ടാതതിനും ഞാന്‍ ചിരിയോടെ ഒഴിഞ്ഞു മാറി. തമാശക്ക് പറഞ്ഞു " അമ്മ പണ്ട് എന്നെ പ്രാകിയില്ലേ അതുകൊണ്ടാവും" എന്ന് .
പെട്ടന്ന്  ആ മുഖം വാടുന്നത്  ഞാന്‍ കണ്ടു. ഞാന്‍ തമാശ പറഞ്ഞതാണ് സങ്കടം വേണ്ട എന്ന് പറഞ്ഞു ഇല്ലാത്ത ഒരു തമാശ ഉണ്ടാക്കി ഞാന്‍ ആ വിഷയവും അവസാനിപ്പിച്ചു.
എങ്ങനെ ഈ രംമ്യത ഉണ്ടായി എന്ന് ഞാന്‍ അജിത്തിനോട് ചോതിച്ചു..
അവന്‍ അതും പറഞ്ഞു. അവന്‍ ഡല്‍ഹിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് അച്ഛന്‍ കിടപ്പിലായി. ആരും സഹായത്തിനു ഇല്ല.അനുജത്തിയുടെ പഠനം അമ്മയുടെ പ്രായം രോഗം എല്ലാം കൂടി ആയപ്പോള്‍ ആ കുടുംബം തകര്‍ച്ചയിലേക്ക് നീങ്ങി. പറക്കമുറ്റാത്ത അനുജന്‍!!
എങ്ങനെയോ അജിത്‌ ഇതറിഞ്ഞു. ഒരു ദിവസം അവന്‍ അവളെയും കൂട്ടി ആ വീട്ടില്‍ ചെന്ന്. ആകെ തകരുന്ന ഒരു കുടുംബത്തിന്റെ എല്ലാ ലക്ഷനഗലും ബാധിച്ച ഒരു പഴയ വീട്ടില്‍ ആണ് അപ്പോള്‍ അവരുടെ ജീവിതം. കിടപ്പിലായ അച്ഛന്‍. കോലം  പോയി കോലം കെട്ടു ആ അമ്മ. തളര്‍ന്നു പോയ ജീവിതങ്ങള്‍. അവന്‍ രണ്ടുംകല്‍പ്പിച്ചു അവിടെ ഇടപെട്ടു. അവളെ അവിടെ നിര്‍ത്തി. ആ അമ്മയെ സഹായിക്കാന്‍. ആ അച്ഛനെ ശുശ്രൂഷിക്കാന്‍.. ആ സഹോദരങ്ങള്‍ക്ക്‌ ഒരു തുണ ആയി. അവന്‍ ആദ്യം വിദേശത്ത് പോകുമ്പോള്‍ അവള്‍ ആയിരുന്നു ആ അമ്മയ്ക്കും അച്ഛനും തുണ.
ഒടുവില്‍ വീണ്ടും വസന്തം
ആ കുടുംബം മുഴുവന്‍ വിദേശത്ത് ജോലി ഉള്ളവര്‍ ആയി മാറി.
അവിടെ നന്മ കളിയാടി. ഐശ്വര്യം!!!
 സന്ധ്യ കഴിഞ്ഞപ്പോള്‍ അവര്‍ പോകാന്‍ ഇറങ്ങി.
അവരുടെ കാറിനു സമീപത്തേക്ക് നടക്കവേ എന്റെ പുറകില്‍ ആയി ആ അച്ഛനും അമ്മയും വരുന്നു. അജിയും രാജിയും മുന്നില്‍!!
അവര്‍ മുന്പേ വണ്ടിക്കടുത്തു എത്തി കുട്ടിയെ കളിപ്പിക്കുന്നു, ഓമനിക്കുന്നു.
സ്റ്റെപ്പുകള്‍ ഇറങ്ങാന്‍ നില്‍ക്കവേ ആ  അമ്മ എന്നോട് തോളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു..
ഞങ്ങള്‍ അന്നുമോനെ ഒരുപാടു ശപിച്ചു. ഞങ്ങളോട് ദേഷ്യം തോന്നരുത്. സത്യത്തില്‍ മോന്‍ ആണ് ഇതുപോലെ ഒരു നല്ല മരുമകനെ ഞങ്ങള്‍ക്ക് കൊണ്ട് വന്നു തന്നത്. നന്ദി പറയാന്‍ വാക്കില്ല. ഈശ്വരനാണ് ശരിക്കും അജിത്തിനെ ഞങ്ങളുടെ മോള്‍ക്ക്‌ കൊടുത്തത്. ഇതുപോലെ നല്ല ഒരു കൂട്ടുകാരനെ അവര്‍ക്കും.. മോന് നല്ലതേ വരൂ ..
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
പതിവ് പോലെ ഞാന്‍ ചിരിച്ചു.
എനിക്ക് ഇതു സന്തോഷത്തിലും സങ്കടത്തിലും ചിരിക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങീട്ടു ഈ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ അല്ലെ ആയിട്ടുള്ളൂ..
പിന്നെ ഞാന്‍ ചോതിച്ചു "
"അമ്മെ, ഇതില്‍ ഇപ്പോള്‍
ഏതാണ്  ഫലിക്കുക? അന്നത്തെ ആ ശാപമോ അതോ ഇന്നത്തെ ഈ അനുഗ്രഹമോ? "

അപ്പോള്‍ ആ അമ്മയുടെ കണ്ണില്‍ രണ്ടുതുള്ളി കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു . ആ അച്ഛന്‍ എന്റെ തോളില്‍ അമര്‍ത്തി പിടിച്ചിട്ടു കാറിന്റെ ഡോര്‍ തുറന്നു അകത്തേക്ക് കയറി ഇരുന്നു. പുറകെ ആ അമ്മയും
യാത്ര പറഞ്ഞു അജിത്തും രാജിയും മോനും പോയി..
ഞാന്‍ എന്റെ നെരിപ്പോട് കത്തുന്ന മനസ്സുമായി അങ്ങനെ നിന്ന് .. കുറെ നേരം..
സന്തോഷമോ സങ്കടമോ?
എന്തായാലും ഞാന്‍ ജോയ് .!! എപ്പൊഴും


joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment