Tuesday, October 23, 2012

വരയായി അമരത്വം നേടിയ ആമ്പല്‍ പൂവേ.... ( കഥ .. കഥ മാത്രം )

 ( കഥ .. കഥ മാത്രം )



ആരും അധികം കടന്നു ചെല്ലാത്ത ആ കാട്ടിലെ ഒരു പാറ ഇടുക്കില്‍ ആണ് ആ പൊയ്ക ഉണ്ടായിരുന്നത്. പാറ കൂട്ടത്തിനു മുകളില്‍ ചില സന്ന്യാസിമാര്‍ പര്‍ണ്ണ ശാല കെട്ടി പൂജകള്‍ ചെയ്തു വന്നിരുന്നു. ചുറ്റും കാട് പിടിച്ച ആ പൊയ്കയില്‍ വെള്ളത്തിന്‌ മേലാട ചാര്‍ത്തി പച്ചയിലകള്‍ വിരിച്ചു ഒരു ആമ്പല്‍ നിന്നിരുന്നു. പായല്‍ അഴുകി ചെളിയായി മാറിയ വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും മൂലകങ്ങള്‍ സ്വീകരിച്ചു ആ ആമ്പല്‍ അങ്ങനെ നിന്നു . ഇടയ്ക്കിടെ ചില വഴിപോക്കര്‍ അബദ്ധത്തില്‍ ആ പൊയ്കയില്‍ എത്തി മുഖവും കാലും കഴുകും. ചിലര്‍ ശൗചം  ചെയ്തു പോകും. അതെല്ലാം അനുഭവിച്ചു ആമ്പല്‍ വളര്‍ന്നു വന്നു. സന്യാസിമാര്‍ ആകട്ടെ മുകളില്‍ ഇരുന്നു മന്ത്രങ്ങള്‍ ചൊല്ലി ദേവനെ പ്രസാദിപ്പിച്ചു കൊണ്ടേയിരുന്നു. പൊയ്കയ്ക്ക്   വൃത്താകൃതിയില്‍ പടര്‍ന്ന ഇലകള്‍ക്ക് നടുവില്‍ ആയി ഒരു കൊച്ചു മനോഹരി ആയ പൂവ് നിന്നിരുന്നു. വഴിപോക്കര്‍ ചിലര്‍ അവളെ ഒരു നോക്ക് കണ്ടിട്ട് കടന്നു പോകും. ചിലര്‍ കുറച്ചു നേരം നോക്കി നിന്നിട്ടും. സന്യാസിമാര്‍ ഇടയ്ക്കിടെ വന്നു ചുറ്റും നോക്കിയിട്ട് പോകും. മാനും മയിലും ആനയും കടുവയും കുരുവിയും കാക്കയും ഒക്കെ പൊയ്കയില്‍ വന്നു വെള്ളം കുടിച്ചു ദാഹം തീര്‍ക്കുകയും ശീതളിമയില്‍ വിശ്രമിക്കുകയും അടുത്തുള്ള പുല്‍മേടുകളില്‍ മേയുകയും ഇര പിടിക്കുകയും ഇണ ചേരുകയും ചെയ്തിരുന്നു. മനോഹരിയായ ആ കൊച്ചു ആമ്പല്‍ പൂവ് അതെല്ലാം കണ്ടു നിന്നു . കാറ്റില്‍ ആടിയുലയുംപോഴും  മഴത്തുള്ളികള്‍ വീഴുമ്പോഴും മഞ്ഞു പെയ്യുമ്പോഴും അവള്‍ ചിരിച്ചുകൊണ്ട് ഇളകിയാടി കൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ആരും അവളുടെ നിര്‍മലതയുടെ  നിറങ്ങളെ നോക്കി ആത്മാര്‍ഥമായി ഒന്ന് ചിരിച്ചിട്ടില്ല . പലരും നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ക്കും അവളെ നോക്കി അവര്‍ ഒന്ന് ചിരിക്കുമായിരിക്കും എന്ന്. അല്ലെങ്കില്‍ സുന്ദരം ആയിരിക്കുന്നു എന്ന് പറയുമായിരിക്കും എന്ന്. ചിലരൊക്കെ പൊയ്കയില്‍ ഇറങ്ങി അവളുടെ അടുത്ത് ചെല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചെളിയില്‍ കാല്‍ പുതഞ്ഞു അവര്‍ തിരിച്ചു പോകും. അവര്‍ കൈ നീട്ടി ചെല്ലുമ്പോള്‍ ഒരു ഭീദി  അവളെ ഗ്രസിക്കാരുണ്ട്. കാരണം അവരില്‍ പലരും അവളെ പറിച്ചെടുത്തു കൊണ്ടുപോകാന്‍ ആണ് ചെന്നിരുന്നത് എന്ന് അവള്‍ അറിയാതെയെങ്കിലും സംശയിച്ചിരുന്നു. എങ്കിലും താന്‍ ഒരു സുന്ദരി ആണ് എന്നവള്‍ ഗ്രഹിച്ചു വെച്ചിരുന്നു.
പര്‍ണ്ണ  ശാലയിലെ സന്ന്യാസികള്‍ ഇടയ്ക്കിടെ വരുമ്പോള്‍ അവളെ നോക്കി പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്. അഷ്ടമി പൂജക്ക്‌ ആ പൂവിറുത്തു ഹോമാഗ്നിക്കടുത്തുള്ള മന്കുടതിലെ ജലത്തില്‍ വെച്ചിട്ട് പൂജ ചെയ്‌താല്‍ ഈശ്വരന്‍ പ്രസാദിക്കും എന്ന്. അപ്പോള്‍ സര്‍വ ചരാചരങ്ങളെയും പരിപാലിക്കുന്നവന്‍ കനിഞ്ഞു മണ്‍ തരിമുതല്‍ മര്‍ത്യജന്മം വരെ ആ പൂജക്കൊപ്പം പരലോക പുന്ന്യത്തില്‍ എത്തിച്ചേരുകയും പരബ്രഹ്മതോട് ചേര്‍ന്ന് ആത്മശാന്തി നേടുകയും ആനന്ദം ഉളവാ കുകയും ചെയ്യുമെന്ന്.
അവളും അത് കേട്ട് സന്തോഷിച്ചിരുന്നു. കാരണം ഈശ്വരന് അടുത്ത് നിന്ന് പരലോകത്തേക്കു ഒരു സ്വപ്ന വേഗ യാത്രക്ക് അഷ്ടമി പൂജ ഒരു വഴി ആണ് എന്നവള്‍ കേട്ടിട്ടുണ്ട്. എങ്കിലും ആ ദിനം വൈകുകയാണല്ലോ എന്ന സങ്കടം അവളെ വിഷമിപ്പിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു നാള്‍ ഒരു ചിത്രകാരന്‍ ആ വഴി വന്നു, സ്വപ്നത്തില്‍ കണ്ട സുന്ദര തീരം തേടിയുള്ള യാത്രയായില്‍ ആയിരുന്നു അയ്യാള്‍. മലകളും കുന്നുകളും കയറി ഇറങ്ങി, വിശപ്പും ദാഹവും സഹിച്ച് , കാട്ടു  മൃഗങ്ങളോടും കൊള്ളക്കാരോടും എതിര്‍ത്തും ഏറ്റു  മുട്ടിയും ആണ് അയ്യാള്‍ അവിടെ എത്തിയത്. അതിജീവിക്കാനും സ്വപ്ന തീരത്തെ സ്വര്‍ണ കുടിലില്‍ വിശ്രമിക്കാനും ആണ് അയ്യാളുടെ സ്വപ്‌നങ്ങള്‍ അയ്യാളെ മാടി വിളിച്ചത്. ഒരു പൂവ് അയ്യാളുടെ മനസ്സിലെ ക്യാന്‍വാസില്‍ എപ്പോഴോ പതിഞ്ഞിരുന്നു. അത് തേടി അയാള്‍ നടക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.
അയ്യാള്‍ ആ പൊയ്കയ്ക്ക് അരികിലെത്തി. എന്തെന്നില്ലാത്ത ഒരു ശീതളിമ അയ്യാളെ വലയം ചെയ്തു.
തന്റെ സ്വപ്ന ഭൂമിയില്‍ എത്തിയതുപോലെ  തോന്നിയേക്കാവുന്ന ഒരു ഹരിത വനത്തില്‍ ആണ് താന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത് എന്ന് അയാള്‍ക്ക്‌ തോന്നി. പൊയ്കയില്‍ ഇറങ്ങി മുഖം കഴുകി നിവര്‍ന്നപ്പോള്‍ ആണ് അയ്യാള്‍ അത് കണ്ടത്. താന്‍ തേടി നടന്ന സ്വപ്ന മലര്‍ ആ പൊയ്കയ്ക്ക്  നടുവില്‍ നില്‍ക്കുന്നു!!
ആ പൂവിനെ നോക്കി അയ്യാള്‍ കുറെ നേരം നിന്നു. പൂവ് കാറ്റിലാടി ഉല്ലസിച്ചു ഏകാന്തമായ തന്റെ  നിമിഷങ്ങളില്‍ അഷ്ട്ടമി പൂജയും നിരവാനത്തെയും നിനച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇടയ്ക്കിടെ, തന്നെ നോക്കി നില്‍ക്കുന്ന ആ ചിത്രകാരനെ അവള്‍ നോക്കികൊണ്ടിരുന്നു. അയാള്‍ എന്ത് ചെയ്യാന്‍ ആകും പോകുന്നത്?
പൂവിന്റെ മനോഹിതം മനസിലാക്കി ചിത്രകാരന്‍ പറഞ്ഞു. അല്ലയോ സുന്ദരി ആയ കൊച്ചു ആമ്പല്‍ പൂവേ, ഈ പൊയ്കയില്‍ നിന്നെ കാണും എന്ന് സ്വപ്നത്തില്‍ കണ്ടു നിന്നെ തേടി വന്നതാണ് ഞാന്‍. ഇവിടിരുന്നു ഈ ക്യാന്‍വാസില്‍ നിന്നെ വരച്ചു ഞാന്‍ ഈ പോയ്കയിലെക്കു  തിരിയുന്ന മുക്കൂട്ട  പെരുവഴിയില്‍ സ്ഥാപിക്കും. നീ ഒരു പുഷ്പം ആണ്. നിന്റെ ജീവിതകാലം വളരെ ചെറുതാണ്. നിന്റെ സൌന്ദര്യത്തിന്റെ ആയുസ്സ് നിസ്സാരവും. നിന്റെ ഇതളുകള്‍ കൊഴിഞ്ഞു നിന്റെ തണ്ടുകള്‍ ശുഷ്കിച്ചു ആ ഇലകള്‍ക്കിടയിലൂടെ അതുമല്ലെങ്കില്‍ പൂജക്കെടുതെക്കാവുന്ന നിന്നെ അതിനു ശേഷം ഇതേ പോയ്കയിലേക്ക്‌ ചണ്ടിയായി വലിച് എറിയുംപോഴും നീ അമരത്വം നേടി ചിരിച്ചുകൊണ്ട് കാലങ്ങളെ മറികടന്നു ആ മുക്കൂട്ട പെരുവഴിയില്‍ എല്ലാവര്ക്കും ആനന്ദം പകരുന്ന കാഴ്ചയായി കാലങ്ങള്‍ കടന്നും എന്റെ ക്യാന്‍ വാസിലെ വര്‍ണ്ണമായി  നീ നില നില്‍ക്കും. കാണുന്നവര്‍ കാണുന്നവര്‍ നീ ഇവിടെ ഉണ്ടോ എന്നറിയാന്‍ ഇവിടേയ്ക്ക് തീര്‍ഥാടനം നടത്തും. അങ്ങനെ നീ അമരത്വം നേടും!
അപ്പോള്‍ ആമ്പല്‍ പൂ പറഞ്ഞു, മുകളിലുള്ള പര്‍ണ്ണ  ശാലയില്‍ ദിവ്യന്മാരായ ആചാര്യന്മാര്‍ അഷ്ട്ടമി  പൂജക്കുള്ള ഒരുക്കത്തില്‍ ആണ് .അവര്‍ വന്നു എന്നെ കൂട്ടികൊണ്ട് പോയി ഹോമകുന്ധ പടവിലെ മണ്‍ തളികയില്‍ തീര്‍ഥ  ജലത്തില്‍ ഇറക്കി വെച്ച് പൂജകള്‍ നടത്തും. കുന്തിരിക്കവും നറു നെയ്യും രാമച്ചവും പുകയുന്ന പൂജാ മുറയില്‍ ആ സുഗന്ധങ്ങള്‍ നുകര്‍ന്ന് ഞാന്‍ ഭഗവാനെ നേരില്‍ കണ്ടു സ്വര്‍ഗം പൂകി അമരത്വം നേടും എന്നാണു അവര്‍ പറഞ്ഞിട്ടുള്ളത്.
ചിത്രകാരന്‍ പറഞ്ഞു,ഓമല്‍  പൂവേ, നീ പൂജക്ക്‌ എടുക്കപ്പെട്ടെക്കാം, എന്നാല്‍ അമരത്വം പൂജ ചെയ്യുന്നവര്‍ക്ക് ആണ്. സന്യാസിമാര്‍ പൂക്കള്‍ അര്പിച്ചു പുണ്യം നേടി പ്രശസ്തിയും നിര്‍വാണവും നേടിയത് ചരിത്രത്തില്‍ ഉണ്ട്. പക്ഷെ അവര്‍ അര്‍പിച്ച പൂക്കളില്‍ ഒന്നിനെ പറ്റിയും ഒരിടത്തും ചേര്‍ത്തിട്ടില്ല. കോടാനുകോടി പൂക്കള്‍ അര്പിച്ചു എന്ന് എഴുതിയിട്ടുള്ളതല്ലാതെ മറ്റൊന്നും പൂക്കളെ പറ്റി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ നിന്നെ വരച്ചാല്‍ നീ കാലങ്ങളെ അതി ജീവിച്ചു ദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം മനുഷ്യ മനസ്സില്‍ കുടിയിരുന്നു അമരത്വം നേടും. അങ്ങനെ അമരത്വം കിട്ടി നീ ചരിത്രത്തില്‍ പുതിയ കാന്തി പരത്തും.
പൂവ് പൊട്ടി ചിരിച്ചു. നാലണ ഇല്ലാത്ത ക്യാന്‍ വാസില്‍ അഴുക്കു വെള്ളം ചേര്‍ത്ത് നിറം ചാലിച്ച് എന്നെ വരച്ചിട്ടു മുക്കൂട്ട  പെരു വഴിയില്‍ നാല് കമ്പില്‍ കെട്ടി തൂക്കി വെച്ചാല്‍ പുണ്യം അല്ല പിണ്ണാക്ക് ആണ് കിട്ടുക. നോക്കൂ ഊശാം താടിക്കാരാ ധ്യാന ലയത്തില്‍ ആടി ഉലയുന്ന എന്റെ മനസ്സില്‍ പുണ്യം എന്നാല്‍ പേരും പെരുമയും ആണ്. മഹാ രധന്മാര ആയ സന്യാസി വര്യന്മാര്‍ കോടി ജപം ചെയ്തു അര്‍പ്പിക്കുന്ന പൂക്കളില്‍ ആണ് ദേവന്‍ പ്രസാദിക്കുക. അതിലൂടെ ഐശ്വര്യം കുമിഞ്ഞു കൂടി സ്വര്‍ഗം എന്നെ മാടി വിളിക്കും. അല്ലാതെ കീറ തുണിയിലെ നരച്ച വര്‍ണ്ണങ്ങള്‍ക്ക് എന്റെ അമരത്വതിനു വേണ്ടി ഒന്നും ചെയ്യാന്‍ ആവില്ല. മന്ത്ര തന്ത്രങ്ങള്‍ കേട്ട് എനിക്ക് ആനന്ദം ലഭിച്ചു അഷ്ട്ടമി പൂജകായി ഞാന്‍ കാതിര്‍ക്കുകയാണ്. ഞാന്‍ പൂജക്ക്‌ പോകും മുന്‍പ് വേണമെങ്കില്‍  കുറെ നേരം  ഇവിടെ ഇരുന്നു ഈ ശീതളിമ ആസ്വതിചോളൂ. ..
നിന്റെ ഒരു ചിത്രം ഞാന്‍ വരച്ചോട്ടെ? എന്‍റെ സ്വപ്ന തീരതെക്കുള്ള യാത്ര അവസാനിക്കും മുന്‍പുള്ള അവസാനത്തെ ചിത്രം ആകാം അത്. പക്ഷെ ആ ചിത്രം നിനക്ക് അമരത്വം തന്നേക്കാം. എനിക്ക് എന്റെ സ്വപ്ന സാക്ഷാല്‍ക്കാരവും ഒരു വേള അന്ത്യ കാഴ്ചയുടെ വിതുമ്പുന്ന നിര്‍വൃതിയും തന്നേക്കാം. എന്താ വരച്ചോട്ടെ?
ശരി, വരച്ചോളൂ.. സന്യാസിമാര്‍ വിളിക്കുമ്പോള്‍ ഞാന്‍ പോകും. അത് വരെ നീ ഇരുന്നു വരചോളൂ..

ഹരിതം കുടില്‍ കെട്ടിയ ആ പാറയിടുക്കില്‍ ഇരുന്നയാല്‍ വരച്ചു തുടങ്ങി. ദിവസങ്ങള്‍ എടുത്താണ് വരച്ചത്. പൂവാകട്ടെ തലയാട്ടിയും താളം പിടിച്ചും ചിരിച്ചും സുഗന്ധം പരത്തിയും ക്യാന്‍ വാസില്‍  വര്‍ണ്ണം തൂകി തൂവലുകള്‍ നീങ്ങുന്നതിനനുസരിച്ചു നിന്നുകൊടുത്തു.

ഒരു നാള്‍ ചിത്രം പൂര്‍ത്തിയാക്കി

കഴിഞ്ഞു എന്റെ വര, ചിത്രകാരന്‍ പറഞ്ഞു.
എവിടെ ? കാണിക്കൂ.. ആമ്പല്‍ പൂവ് ആവശ്യപ്പെട്ടു.
ചിത്രം കണ്ടപ്പോള്‍ അവള്‍ പറഞ്ഞു , ഹായ് ... നന്നായിരിക്കുന്നു. ... എന്തു രസമാണ് എന്നെ കാണാന്‍!!
ചിത്രകാരന്‍ ഉള്ളം നിറഞ്ഞ  ചിരിച്ചു.  എന്നിട്ട് പറഞ്ഞു" നിനക്ക് അമരത്വം കിട്ടും. ഇത് കാഴ്ചക്കാര്‍ ഹൃദയത്തില്‍ ഏറ്റു  വാങ്ങും. അവര്‍ നിന്നെ തേടി ഇവിടെ ഈ കാടിന് നടുവില്‍ വരും. അവരുടെ ഹൃദയങ്ങളില്‍ നീ നിറമുള്ള ഓര്‍മയായി നില നിന്ന് നിനക്ക് അമരത്വം കിട്ടും. നിന്റെ ചിന്തകള്‍ അല്ല പൂവേ നിനക്ക് അമരത്വം തരുന്നത്. എന്റെ കണ്കാഴ്ചകള്‍ ക്യാന്‍ വാസില്‍ വിരിയിച്ച നിന്റെ സൌന്ദര്യം ആണ് നിന്നെ മരിക്കാതെ സൂക്ഷിക്കുക. ലോകം നിന്നെ എന്റെ കണ്ണിലൂടെ കണ്ടു എന്ന് നീ മനസിലാക്കില്ല. എങ്കിലും നീ ദീര്‍ഘ  കാലം അവരുടെ ഹൃദയങ്ങളെ കീഴടക്കും. അങ്ങനെ നീ അമരത്വം സ്വന്തമാക്കും. എന്നെ കണ്ട നിമിഷം മുതല്‍ നീ മറ്റൊരാള്‍ ആകും. നിന്നെ സ്വന്തമാക്കാന്‍, നിനക്ക് കീഴടക്കാന്‍ ഐശ്വര്യവും  പുതു വഴികളും തെളിയും. നീ വിജയങ്ങളിലേക്ക് പടവ് കയറാന്‍ ഉള്ള അവസാനത്തെ നിമിത്തം മാത്രം ആകും ഞാന്‍. നീയത് ഓര്‍ക്കില്ല. ന്നീയത് മറക്കും. മറക്കാന്‍ വേണ്ടി നീ അത് ഓര്‍ക്കാതിരിക്കും. അതു പ്രകൃതി നിശ്ചയം. അതിനാല്‍ പ്രിയ ആമ്പല്‍ പൂവേ.. അഷ്ട്ടമി പൂജാ ദിനങ്ങള്‍ എത്തിയിരിക്കുന്നു. അമരത്വം ഉണ്ടാവട്ടെ.
അയ്യാള്‍  ആ ചിത്രം പോയ്കയിലേക്ക് തിരിയുന്ന മുക്കൂട്ട പെരുവഴിയില്‍ ഒരു ഈസല്‍ ഉണ്ടാക്കി അതില്‍ ഉയര്‍ത്തി സ്ഥാപിച്ചു.
വഴിയെ പോയവര്‍ ഒക്കെ ആ ചിത്രം കണ്ടു കൊതിയോടെ പോയ്കയിലേക്ക് വന്നു.  ചിലര്‍ അതിലിറങ്ങി അവളെ പറിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറ്റ് വീശി അവരെ പ്രകൃതി ദേവി ആട്ടിയകറ്റി. ചിലര്‍ സ്പര്‍ശിച്ചു.എന്നാലും അവള്‍ ശുധയായി നില നിന്നു .
അങ്ങനെയിരിക്കെ അഷ്ട്ടമി പൂജാ ദിനം എത്തി . പൊയ്കയുടെ കരയില്‍ ചിത്രകാരന്‍ ഇരുന്നു പൂവിനോട് കഥ പറഞ്ഞിരിക്കെ സന്യാസിമാര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് അവിടെത്തി. അവരില്‍ ഒരാള്‍ പൊയ്കയില്‍ ഇറങ്ങി ആവാഹന കര്‍മം ചെയ്തു. തണ്ടിന് ചുവട്ടിലേക്ക്‌ കൈ നീട്ടി ജലവും തണ്ടും വായുവിനോട് ചേരുന്ന സ്ഥാനത് നഖങ്ങള്‍ ആഴ്ത്തി  വിരലുകള്‍ ചേര്‍ത്ത് ആ പൂവ് ഇരുതെടുത്തു ! അവള്‍ അവസാനമായി ഒന്ന് പുളഞ്ഞു. എന്നാല്‍ അവള്‍ കാത്തിരുന്ന അഷ്ട്ടമി  പൂജാ ദിനത്തില്‍ ഇറടുക്കപ്പെട്ടു എന്ന് ഓര്‍ത്ത് അവള്‍  സന്തോഷക്കണ്ണീര്‍ പൊഴിച്ച് അവര്‍ക്കൊപ്പം പോയി.
ചിത്രകാരന്റെ മനസ്സ് നീറി. അയ്യാള്‍ പോയ്കയിലേക്ക് നോക്കി നിര്‍വികാരന്‍ ആയി  കുറെ നേരം ഇരുന്നു. സ്വപ്ന തീരം അസ്തമിക്കുന്നു. ഏകാന്തതയുടെ ദിനങ്ങള്‍ വരുന്നു. ഇനി കൂട് കൂട്ടാന്‍ കിളികള്‍ വരുമോ? പാട്ട് പാടാന്‍ കുയിലുകള്‍ വരുമോ?
ഭാണ്ടക്കെട്ട് കരയില്‍ വെച്ചിട്ട് തിരിഞ്ഞു നോക്കാതെ അയ്യാള്‍ കാടിറങ്ങി മലയിറങ്ങി നിശബ്ദതയുടെ കുടില്‍ തേടി മറഞ്ഞു.
ആമ്പല്‍ ആഹ്ലാദത്തില്‍ ആണ്. പൂജാ മുറി നിറയെ പുണ്ണ്യ പുരുഷന്മാര്‍. ധൂപം. നറു നെയ്യും . ഇന്ദ്രലോകം തുറക്കുന്നതും കാത്തു സന്ന്യാസിമാര്‍ ആകാശത്തേക്ക് നോക്കി മന്ത്രം ചെല്ലുന്നു.
പൂജകള്‍ പകിട്ടോടെ മുന്നോട്ടു നീങ്ങവേ മന്ച്ചട്ടിയിലെ പൂവിനു വാട്ടം വരുന്നത് അവള്‍ അറിഞ്ഞില്ല. ദൈവം പ്രത്യക്ഷപ്പെടുന്ന നിമിഷം ദേവലോകത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നതും അതിലൂടെ ശങ്കര ഭഗവാന്‍ തന്നെ കയ്യില്‍ എടുത്തു പിടിച്ചു കൈലാസത്തില്‍ പോയി ദേവിക്ക് കൊടുക്കുന്നതും ഒക്കെ ആയിരുന്നു അവളുടെ മനസ്സില്‍. പൂജകള്‍ മുറുകുമ്പോള്‍ അവള്‍ ഈ ലോകത്തെ മറന്നു. താന്‍ നിന്നിരുന്ന പൊയ്കയെ മറന്നു. അതിലെ തണുത്ത ജലത്തെ മറന്നു. തന്നെ സ്നേഹത്തോടെ നോക്കി ചിരിച്ച ഇലകളെ മറന്നു, കാടിനെ മറന്നു. അതില്‍ മേഞ്ഞിരുന്ന മൃഗങ്ങളെ മറന്നു.  തനിക്കു കാറ്റിലാടി ഉല്ലസിക്കാന്‍ പാട്ട് പാടി തന്ന കിളികളെ മറന്നു.
തന്നെ സ്നേഹിച്ച ചിത്രകാരനെ ഓര്‍ത്തപ്പോള്‍ അവള്‍ക്കു ഒരു പരിഹാസവും തോന്നി. മണ്ടന്‍. എന്റെ ചിത്രവും വരച്ചു ആ മുക്കൂട്ട പെരുവഴിയില്‍ ഇരിക്കുകയാണ് അയ്യാള്‍. ഇവിടെ ഇതാ ദൈവങ്ങള്‍ എനിക്ക് മുന്നില്‍ ഈ പൂജാ മുറിയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു. അയ്യാള്‍ കാണാത്ത ലോകത്തിന്റെ വാതില്‍ ഇതാ ഇവിടെ തുറക്കാന്‍ പോകുന്നു. മണ്ടന്‍..
അഷ്ടമി പൂജകള്‍ പുരോഗമിക്കുന്നു. ഹോമ കുണ്ടതിലെ അഗ്നിയും പുകയുമേറ്റ്‌ പൂവിനു തളര്‍ച്ച വന്നു. പൂ തളര്‍ന്നു തുടങ്ങി എന്ന് കണ്ടപ്പോള്‍ പരികര്‍മ്മി വെള്ളം മാറ്റി ഒഴിച്ചു.
ഒടുവില്‍ പൂജ കഴിഞ്ഞു. പതിനെട്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിമാര്‍ ജയ ജയ ജയ പാടി ഭജന ആരംഭിച്ചു.മന്ത്രങ്ങള്‍ നിലച്ചു. എല്ലാവരും കൂടി പരസ്പരം പറയുന്നത് കേട്ടു " ദേവന്‍  പ്രസാദിച്ചു, ഇന്ന് മഴ പെയ്യും" കൃഷ്ണ പരുന്തുകള്‍ വട്ടം ചുറ്റുന്ന ആകാശത്തേക്ക് നോക്കി അവര്‍ പാട്ട് തുടര്‍ന്ന് കൊണ്ടേയിരുന്നു.
അപ്പോള്‍ ആ വഴി ഒരു സാര്‍ത്ഥ വാഹക സംഘം വന്നു. പരികര്‍മികള്‍ പര്‍ണ്ണ  ശാല ശുദ്ധീകരിച്ചു തുടങ്ങി. നിര്‍മാല്യം വാരി കൊണ്ട് വരവേ ദര്‍ശനത്തിനു നിന്നവര്‍ക്ക് അവര്‍ ആ കാട്ടു പൂക്കള്‍ നല്‍കി. അവരത് അവരുടെ ഭാന്ടങ്ങളില്‍ ആക്കി കാടിന് പുറത്തേക്കു നടന്നു.
അവര്‍ മുക്കൂട്ട പെരുവഴി പിന്നിടാവേ അവള്‍ ഭാണ്ടതിലിരുന്നു ആ കാഴ്ച കണ്ടു. ഊശാം  താടിക്കാരന്‍ മണ്ടന്‍ വരച്ച തന്റെ ചിത്രത്തിന് മുന്നില്‍ ആരാധകര്‍ തിങ്ങി നിറയുന്നു.അവിടെ അവര്‍ കാണിക്കകള്‍ വെക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു.
തളര്‍ച്ച ബാധിച്ചു കാഴ്ച മങ്ങുംപോഴും ഇതളുകളിലെ ഈര്‍പ്പം നഷ്ട്ടപെട്ടു മരണത്തിലേക്ക് നീങ്ങുമ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല ചിത്രത്തിലെ സൌന്ദര്യം ദേഹതിനില്ല ഇപ്പോള്‍ എന്ന്! എങ്കിലും അവള്‍ കരുതി ചിത്രത്തിലെ സൌന്ദര്യം ഭാണ്ടാതിലായ തനിക്കു ഇപ്പോഴും സ്വന്തം എന്ന്.
ഭാണ്ഡം തന്നെ സ്വര്‍ഗത്തിലേക്ക് ആണ് കൊണ്ട് പോകുക എന്ന് അവള്‍ കരുതി. പര്‍ണ്ണ  ശാലയും ദിവ്യന്മാരും പുതിയ പൂജക്കും പുതിയ പൂക്കള്‍ക്കും ആയി മലയിറങ്ങി പൊയ്കയിലേക്ക് നീങ്ങുന്നത്‌ അവള്‍ കണ്ടെങ്കിലും അവള്‍ അത് തിരിച്ചറിഞ്ഞില്ല. ഇത്തവണ നൂറ്റി ഒന്ന് സന്ന്യാസിമാരുടെ കടും ക്രിയകള്‍ ആണ് നടത്തുക. അഥര്‍വം അവര്‍ ഉപയോഗിക്കും. തന്റെ ഊഴം കഴിഞ്ഞിരിക്കുന്നു എന്നവള്‍ തിരിച്ചരിയുന്നതെയില്ലായിരുന്നു
.
സാര്‍ത്ഥ വാഹക സംഘം മലയിറങ്ങി പട്ടണത്തിലെ കൂടാരങ്ങളില്‍ എത്തി ചേര്‍ന്നു.രാത്രി ആയി പുഷ്പിണിയായ ഒരുവളുടെ മംഗല്യ രാത്രി ആയിരുന്നു അന്ന്. കിടക്കക്ക് അരികിലെ വെളുത്ത കുപ്പിയില്‍ തണ്ട് വടി തുടങ്ങിയ ആമ്പല്‍ പൂവും.രതിക്രിയകള്‍ നീങ്ങവേ പുരുഷന്‍ ആ പൂവെടുത്ത് പുഷ്പിനിയുടെ മാറിടത്തില്‍ തലോടി. പുളകം പകര്‍ന്ന ആ തലോടല്‍ ആണ് തന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകുക എന്നും ആ പൂവ് കരുതി.പക്ഷെ ഒന്നും സംഭവിച്ചില്ല. കേളികള്‍ കഴിഞ്ഞു മയക്കം തീര്‍ന്നു നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവിടെ നിന്നും കൂടാരം ഉപേക്ഷിച്ചു പോയി. കുപ്പിയിലെ വെള്ളത്തില്‍ തളര്‍ച്ച പടര്‍ന്നപ്പോള്‍ അവള്‍ സന്ധ്യ വരാന്‍ പ്രാര്‍ഥിച്ചു. സന്ധ്യ മയങ്ങിയപ്പോള്‍ തെരുവ് വേശ്യകള്‍ അവള്‍ക്കു ചുറ്റും വന്നു കൂടി. കാമം കണ്‍ തെറ്റിച്ച പുരുഷന്മാര്‍ അവിടേക്ക് ഓടി കയറി എന്തൊക്കെയോ ചെയ്തു എന്ന് വരുത്തി പോയികൊണ്ടിരുന്നു. വന്ന്യമായ രതി പരാക്രമത്തില്‍ ഏതോ ഒരുത്തന്റെ കാല്‍ ചവിട്ടില്‍ പൂവ് സൂക്ഷിചിരുന്ന സ്പടിക കുപ്പി നിലത്തു മറിഞ്ഞു വീണു. കാമം പെയ്തൂ അവന്‍ എണീറ്റപ്പോള്‍ നിലത്തു  കിടന്ന ആ പൂവില്‍ ചവിട്ടി അവന്‍ പുറത്തേക്കു പോയി. പുറകെ അവനു സ്വര്‍ഗം കൊടുത്ത അവളും. വീണ്ടും നേരം പുലര്‍ന്നു. നഗര ശുചീകരനക്കാര്‍ വന്നു കൂടാരം പൊളിച്ചു മാറ്റി ചൂലുകൊണ്ട് അടിച്ചു വാരി വണ്ടിയിലിട്ടു നഗരത്തിനു പുറത്തു മലയാടിവാരത്ത്  ഒരു ചവറു കൂനയില്‍ കൊണ്ട് പോയി ഇട്ടു. അവിടെ നിന്ന് നോക്കിയപ്പോള്‍ അവള്‍ കണ്ടു അങ്ങകലെ കാടിന്‍ നടുവിലുള്ള ആ പൊയ്കയിലേക്ക്  തിരിയുന്ന മുക്കൂട്ട  പെരുവഴിയില്‍ അവളുടെ ചിത്രം നോക്കി ആസ്വതിച്ചു പോകുന്ന ആയിരങ്ങള്‍. എന്നാല്‍ അവിടെ ഒരിടത് പോലും ആ ചിത്രകാരന്റെ നാമം രേഘപ്പെടുതിയിരുന്നില്ല എന്നവള്‍ അപ്പോഴും ഓര്‍ത്തില്ല.
കാരണം അവള്‍ ഒരു പൂവ് മാത്രമാണ്. അവള്‍ക്കു മനുഷ്യ ഹൃദയം അറിയാനുള്ള കഴിവ് കുറവായിരുന്നു. അതിലെ സ്നേഹത്തിന്റെ സ്പന്ദനം തിരിച്ചറിയാനും പൂവിനു കഴിയുമോ? എന്നാലും അവള്‍ അമരത്വം നേടിക്കഴിഞ്ഞു. ചിത്രകാരന്‍ പ്രവചിച്ചത് സംഭവിച്ചു.
അമരത്വം എന്നാല്‍ നിസ്സാരമാണ്. അതിനു ഹൃദയം തുറന്നു കാണാന്‍ മനസ്സുണ്ടായാല്‍ മതി.

ജോയ് ജോസഫ്‌ 

kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

No comments:

Post a Comment